സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഹരിതകര്‍മ്മ സേന ഒരുക്കിയ പൂപ്പാടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ചെണ്ടുമല്ലി, സൂര്യകാന്തി പൂക്കളാണ് പൂപ്പാടത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്ണിന് മിഴിവേക്കാന്‍ കാത്ത് നില്‍ക്കുന്നത്.
നഗര മധ്യത്തിലെ രണ്ടര ഏക്കര്‍ സ്ഥലത്താണ് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പൂകൃഷിയിറക്കയത്. ചിത്രങ്ങള്‍ പകര്‍ത്താന്‍ പൂപ്പാടത്ത് സെല്‍ഫി സ്പോട്ടുകളും വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 8 മുതല്‍ വൈകീട്ട് 6.30 വരെയാണ് പൂപ്പാടത്തിലേക്ക് പ്രവേശനം.
ഓണക്കാല അവധിദിനങ്ങളിൽ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും, കലാപരിപാടികളും നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സെപ്തംബര്‍ 15 വരെയാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. സുല്‍ത്താന്‍ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് പൂപ്പാടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. പൂപ്പാടം തയ്യാറാക്കാന്‍ സ്ഥലം വിട്ടു നല്‍കിയ വിവേകാനന്ദന്‍ പുളിക്കല്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍ സി പൗലോസ്, സത്യന്‍ ചന്ദ്രാലയം, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ, പി.എസ് ലിഷ, ടോം ജോസ്, ഷാമില ജുനൈസ്, ഹരിത കര്‍മ്മ സേന കോര്‍ഡിനേറ്റര്‍ അന്‍സില്‍ ജോണ്‍, ഇ എം രജനി, കൗണ്‍സിലര്‍മാര്‍തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.