സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പുനർനിർണയം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കൃത്യമായ ന്യായവില നിർണയത്തിലൂടെ സർക്കാരിന്റെ റവന്യൂ വരുമാനം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ന്യായവില പുനർ നിർണയം സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥർക്കു നൽകുന്ന പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ന്യായവില നിർണയത്തിൽ മുൻകാലങ്ങളിലുണ്ടായ അപാകത മൂലം സംസ്ഥാനത്തിന്റെ ചല ഭാഗങ്ങളിൽ ഭൂമി ഇടപാടുപോലും നടക്കുന്നില്ലെന്ന ആക്ഷേപമുെണ്ടന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഭൂമിയുടെ സ്വഭാവവും ലഭ്യമാകുന്ന സൗകര്യങ്ങളും കണക്കിലെടുത്ത് സൂക്ഷ്മമായുള്ള ന്യായവില നിർണയം റവന്യൂ വരുമാനം വർധിപ്പിക്കുമെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ സമയബന്ധിതമായി ന്യായവില പുനർനിർണയം പൂർത്തിയാക്കേണ്ടതുണ്ട്.
നവംബർ ഒന്നു മുതൽ ജനുവരി 31 വരെയുള്ള മൂന്നു മാസം കൊണ്ടു പൂർത്തിയാക്കേ ണ്ട ഈ ജോലി റവന്യൂ ഉദ്യോഗസ്ഥർക്കുള്ള ഭാരിച്ച ഉത്തരവാദിത്തമാണ്. യാതൊരു കാരണവശാലും അതു നീണ്ടുപോകരുതെന്നു നിർബന്ധബുദ്ധിയുണ്ടാകണം. ഉദ്യോഗസ്ഥർക്ക് എല്ലാ മേഖലകളിലും ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനം സർക്കാർ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
റവന്യൂ ഉദ്യോഗസ്ഥർ ഓരോ പ്രദേശവും സന്ദർശിച്ച് സൂക്ഷ്മമായും കൃത്യതയോടെയും വേണം ന്യായവില പുനർ നിർണയ പ്രക്രിയ പൂർത്തിയാക്കേണ്ടതെന്നു ചടങ്ങിൽ പങ്കെടുത്ത ലാൻഡ് റവന്യൂ കമ്മിഷണർ എ.ടി. ജയിംസ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ ഡോ. കെ. വാസുകി, സബ് കളക്ടർ കെ. ഇമ്പശേഖർ, അസിസ്റ്റന്റ് കളക്ടർ പ്രിയങ്ക, എ.ഡി.എം. വി.ആർ. വിനോദ് എന്നിവരും പങ്കെടുത്തു.