വിദ്യാർഥികളിൽ വായനാശീലം വളർത്താൻ അധ്യാപകർ മുൻകൈയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീൽ. പാഠഭാഗങ്ങൾക്കൊപ്പം നല്ല പുസ്തകങ്ങളും വായിക്കാൻ വിദ്യാർഥികൾ സമയം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശേരി ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹയർ സെക്കൻഡറി തലമാണ് വിദ്യാർഥികൾക്കു വായന വർധിപ്പിക്കാൻ പറ്റിയ സമയം. പ്ലസ്ടു തലത്തിലെത്തുന്ന വിദ്യാർഥികൾ ഒരു നോവലെങ്കിലും വായിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.
കോട്ടൺ ഹിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, സ്‌കൂൾ പ്രിൻസിപ്പാൾ കെ. പ്രീത, അഡീഷണൽ ഹെഡ്മിസ്ട്രസ് എ.ജെ. രാജശ്രീ, ജസീല തുടങ്ങിയവർ പങ്കെടുത്തു.
2018 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.സി. വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളിൽനിന്നാണ് സ്‌കോളർഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠനം പൂർത്തിയാക്കിയ ബി.പി.എൽ വിഭാഗം വിദ്യാർഥികൾക്കാണ് മുൻഗണന നൽകിയിട്ടുള്ളത്. അവരുടെ അഭാവത്തിൽ എട്ടു ലക്ഷം രൂപ വരെ പ്രതിവർഷ വരുമാനമുള്ളവരെയും പരിഗണിച്ചിട്ടുണ്ട്. 2,225 വിദ്യാർഥികൾക്ക് 10,000 രൂപ വീതമാണ് സ്‌കോളർഷിപ്പ് നൽകുന്നത്.