കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാനും കാർഷിക സംഭരണവില കർഷകർക്ക് നൽകാനും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും കർഷക ചന്തകളിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല കർഷക ചന്ത ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഓണക്കാലത്ത് മിതവും ന്യായവുമായ വിലയ്ക്ക് കർഷകരിൽ നിന്ന് സമാഹരിക്കുന്ന പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും വിപണം ചെയ്യുകയാണ് ലക്ഷ്യം. കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. ജനങ്ങളോടൊപ്പം നിൽക്കുന്ന സർക്കാരിന്റെ പ്രതിഫലതയാണ് ഈ പദ്ധതിയിലൂടെ ഉയർത്തിപ്പിടിക്കുന്നത്. തെക്കുംപാടം പാടശേഖരത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാട്ടൂർ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എസ് പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ സി രാമഭായി, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എസ് അനീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഹി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വാർഡ് മെമ്പർമാർ , കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.