ആടിയും പാടിയും വോട്ടർമാരെ ബോധവത്കരിക്കുന്നതിൽ പങ്കാളികളായി വിദ്യാർഥികൾ. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, കണ്ണൂർ താലൂക്ക് ഓഫീസ്, കണ്ണൂർ എസ് എൻ കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ബോധവത്കരണം നടന്നത്.

ജനാധിപത്യം ശക്തിപ്പെടുത്താൻ ഏവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന പ്ലക്കാർഡുമായി മെഗാ തിരുവാതിര അരങ്ങേറി. പുലികളി, ചെണ്ടമേളം, മുത്തുക്കുടകൾ എന്നിവ നിറംപകർന്ന ഘോഷയാത്ര വോട്ടർമാർക്കുള്ള സന്ദേശം കൂടിയായി.

വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തെറ്റ് തിരുത്താനും വിലാസം മാറ്റാനും നിലവിൽ അപേക്ഷിക്കാനാകും. എല്ലാവർഷവും ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് തീയ്യതികളിൽ 18 വയസ്സ് തികയുന്നവർക്കും അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാൻ മുൻകൂട്ടി അപേക്ഷിക്കാനാകും. വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ്, വോട്ടേർസ് സർവ്വീസ് പോർട്ടൽ, ബി എൽ ഒ ആപ്പ് എന്നിവ വഴി ഓൺലൈനായി അപേക്ഷ നൽകാം.

എസ് എൻ കോളേജിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ് അധ്യക്ഷത വഹിച്ചു. കണ്ണൂർ താലൂക്ക് തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, പ്രിൻസിപ്പൽ ഡോ.എസ് പി കുമാർ തുടങ്ങിയവർ പങ്കെടുത്തു.