ടൂറിസ്റ്റ് കോറിഡോര്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ രാജന്‍

പീച്ചിയെ പ്രധാന ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ടൂറിസ്റ്റ് കോറിഡോര്‍ എന്ന ആശയം വിപുലമായ രീതിയില്‍ നടപ്പിലാക്കുമെന്നും പീച്ചിയില്‍ ചിങ്ങപ്പുലരി ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായി ഇഴപിരിയാത്ത ബന്ധമുള്ള പീച്ചി ഹൗസിനെ നഷ്ടപ്രതാപത്തില്‍ നിന്നും വീണ്ടെടുക്കും. മോടി കൂട്ടി തൃശ്ശൂരിലെ ഒരു പ്രധാന കേന്ദ്രമാക്കി പീച്ചി ഹൗസിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് ജലവിഭവ മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ നേരില്‍കണ്ട് വിലയിരുത്താന്‍ സെപ്റ്റംബര്‍ മാസത്തില്‍ ജലവിഭവ മന്ത്രി പീച്ചിയില്‍ എത്തുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

പ്രതിവര്‍ഷം 30 ലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തുന്നവരെ പുത്തൂര്‍ കായല്‍, പീച്ചി തുടങ്ങിയ ടൂറിസ്റ്റ് ഇടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് പദ്ധതി ആവിഷ്‌ക്കരിക്കും. മഞ്ചേശ്വരം മുതല്‍ വെള്ളായണി വരെയുള്ള ക്യാമ്പസുകളിലെ എല്ലാ വിളകളെ കുറിച്ചും അറിയാന്‍ കഴിയുന്ന എക്‌സിബിഷന്‍ സിറ്റിയെന്ന ആശയം കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ വിഭാവന ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഏഴര ഏക്കര്‍ ഭൂമിയില്‍ പൂ കൃഷിയും മനോഹരമായ ഉദ്യാനവും ഒരുക്കും. പ്രദര്‍ശന നഗരിക്കുള്ളില്‍ മികച്ച ഫുഡ് സ്ട്രീറ്റും ലക്ഷ്യം വെക്കുന്നുണ്ട്. ഒല്ലൂര്‍ മണ്ഡലത്തെ കേന്ദ്രീകരിച്ച് ടൂറിസ്റ്റ് കോറിഡോര്‍ എന്ന ആശയം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

പീച്ചി ഗേറ്റ് മുതൽ പവലിയൻ വരെ നടന്ന വിളംബര ഘോഷയാത്രയിൽ നൂറുകണക്കിന് പേര് അണിനിരന്നു. തുടർന്ന് സുധീഷ് ചാലക്കുടി നയിച്ച മ്യൂസിക് ഷോ നടന്നു. പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, സ്ത്രീകളുടെയും കുട്ടികളുടെയും കായിക മത്സരം, അഖില കേരള വടംവലി മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.

ഡിടിപിസിയുടെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പീച്ചി ഓണാഘോഷം  സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ണാഭമായ ഘോഷയാത്രയോടെയായിരുന്നു ആഘോഷത്തിന് തുടക്കം കുറിച്ചത്. ഓഗസ്റ്റ് 28 വരെയാണ് പീച്ചി ഓണാഘോഷം. ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ മുഖ്യാതിഥിയായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി സജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ ടി ജലജന്‍, അനിത കെ വി, സുബൈദ അബൂബക്കര്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.