ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് സ്ഥാപനത്തിന് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ വി. ഷണ്‍മുഖന്‍ അറിയിച്ചു. വാളയാര്‍, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ 82 പരിശോധനകളാണ് നടന്നത്. രണ്ട് സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. മൂന്ന് നിയമാനുസൃത സാമ്പിളുകളും 51 നിരീക്ഷണ സാമ്പിളുകളും പരിശോധനക്ക് എടുത്തിട്ടുണ്ട്.
ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍, വഴിയോര കച്ചവടസാധനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയുടെ ഭാഗമായി പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്‌സ്, ശര്‍ക്കര, നെയ്യ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നീ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.