ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ 50 ഊരുകളിൽ കിറ്റ് വിതരണം പൂർത്തിയാക്കി. ബാക്കിയുള്ളവ നാളെ പൂർത്തിയാക്കും.

സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഒണക്കിറ്റുകളുടെ വിതരണം എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ് ശനിയാഴ്ച 7.45 വരെ 62,018 എ.എ.വൈ കാർഡ് ഉടമകൾ കിറ്റ് കൈപ്പറ്റി.

മിൽമ, സപ്ലൈകോ, കശുവണ്ടി വികസന കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മിൽമയുടെ പായസം മിക്‌സ്, റെയ്ഡ്‌കോ (RAIDCO) തയ്യാറാക്കി നൽകുന്ന ശബരി കറി പൗഡറുകളിൽ ചിലത് സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിലാണ് ലഭ്യമാകാത്ത ഇനങ്ങൾക്ക് പകരമായി സമാന സ്വഭാവമുള്ള ഗുണമേൻമയുള്ള ഉത്പന്നങ്ങൾ കിറ്റിൽ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു.

ഞായർ, തിങ്കൾ ദിവസങ്ങളിലായി മുഴുവൻ എ.എ.വൈ റേഷൻ കാർഡുടമകൾക്കും ഓണക്കിറ്റുകൾ ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ഓണം ഫെയറുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ വരെ 4.40 കോടി രൂപയുടെ വിറ്റവരവ് ജില്ലാ ഫെയറുകളിൽ ഉണ്ടായിട്ടുണ്ട്. ഈ മാസം 72.46 ലക്ഷം റേഷൻ കാർഡുടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.