2022-23 സീസണിൽ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നെല്ല് സംഭരണ കുടിശിക വിതരണം വേഗം പൂർത്തിയാക്കും. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 738 കോടി സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകി. 200 കോടി രൂപ കേരള ബാങ്ക് വഴിയും 700 കോടി വിവിധ ബാങ്കുകളുടെ കൺസോർഷ്യം വഴി പി.ആർ.എസ് ലോണായും നൽകിയിട്ടുണ്ട്.

സർക്കാരിൽ നിന്നും കിട്ടിയ 180 കോടി രൂപയിൽ 72 കോടി രൂപ 50000 രൂപയിൽ താഴെ കുടിശികയുണ്ടായിരുന്ന 26,548 കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്തു. അൻപതിനായിരം രൂപയ്ക്ക് മുകളിൽ കുടിശിക നൽകാനുണ്ടായിരുന്ന 27,791 കർഷകരുടെ കുടിശിക തുകയിൽ 7.80 രൂപ നിരക്കിൽ സംസ്ഥാന പ്രോത്സാഹന ബോണസ്, 12 പൈസ നിരക്കിൽ കൈകാര്യ ചിലവ് എന്നിവ ഉൾപ്പെടെ കിലോയ്ക്ക് 7.92 രൂപ നിരക്കിലുള്ള തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകിക്കഴിഞ്ഞു.

ഇതിന് ശേഷം കിലോയ്ക്ക് 20.40 രൂപ നിരക്കിലുള്ള കുടിശിക തുക സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവ വഴി പി.ആർ.എസ് ലോണായി നൽകുന്ന നടപടി ആഗസ്റ്റ് 24ന് ആരംഭിച്ചു. ഇതുവരെ ആകെ 3795 കർഷകർക്ക് 35.45 കോടി രൂപ പി.ആർ.എസ് ലോണായി വിതരണം ചെയ്തു.