സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിൽ നടത്തിയ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി. ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ഓണം വാരാഘോഷത്തിനാണ് കൽപ്പറ്റയിൽ സമാപനമായത്.

കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭാ വാർഡ് കൗൺസിലർ രാജാ റാണി അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി എക്സിക്യൂട്ടീവ് മെമ്പർ പി.കെ അനിൽകുമാർ, ഡി.ടി.പി.സി സീനിയർ മാനേജർ സി.ആർ ഹരിഹരൻ, ഡി.ടി.പി.സി മാനേജർ രതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

കൽപ്പ എസ്.കെ.എം.ജെ ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരം ആവേശത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. വടംവലി മത്സരത്തിൽ ബ്രദേഴ്സ് ഗൂഡലായി ഒന്നാം സ്ഥാനവും സെവൻസ്റ്റാർ എമിലി രണ്ടാം സ്ഥാനവും, നവധാര ഗൂഡലായിക്കുന്ന് മൂന്നാം സ്ഥാനവും നേടി.

ആഘോഷ പരിപാടികളുടെ സമാപന ദിനത്തിൽ സുൽത്താൻ ബത്തേരി രംഗരചന സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന മോഹിനിയാട്ടം, ഭരതനാട്യം എന്നിവയോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനുശ്രീ അനിൽകുമാർ, അമൽ സി. അജിത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ നൈറ്റ് സംഗീത ആസ്വാദകർക്ക് ഏറെ ഹൃദ്യമായി.

ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന കലാ പരിപാടികകളും കായിക മത്സരങ്ങളുമാണ് നടന്നത്. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികളും നടത്തിയിരുന്നു.