ജില്ലാതല ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന പുലിക്കളി മത്സരത്തില്‍ പങ്കെടുക്കുന്ന സംഘങ്ങള്‍ക്ക് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഒരു ലക്ഷം രൂപ വീതം സഹായ ധനം നല്‍കും. ഇതുമായി ബന്ധപ്പെട്ട ഓഫര്‍ ലെറ്റര്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ കെ കെ ഗോപാലകൃഷ്ണന്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയ്ക്ക് കൈമാറി. സവിശേഷ പ്രാധാന്യമുള്ള കലയെന്ന നിലയിലാണ് സഹായധനം നല്‍കുന്നത്.

മത്സരം കഴിഞ്ഞ് 10 ദിവസത്തിനകം ഓരോ സംഘത്തിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സഹായധനം ലഭ്യമാക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് രാമനിലയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കത്ത് കൈമാറിയത്.

വാര്‍ത്താസമ്മേളനത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ കെ കെ ഗോപാലകൃഷ്ണന്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.