കോഴിക്കോടിന്റെ ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഭാഗമായുള്ള നാടകോത്സവത്തിന് ടൗൺഹാളിലെ നിറഞ്ഞ സദസ്സിന് മുന്നിൽ തുടക്കമായി. കെ.എം സച്ചിൻദേവ് എം. എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളിൽ നിന്നുള്ളവർ വരെ കോഴിക്കോടിന്റെ ഓണാഘോഷ പരിപാടികൾ കാണാൻ എത്തുന്നത് സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാടകങ്ങളെ ഏറെ സ്നേഹിക്കുന്ന കോഴിക്കോട് നാടകരംഗത്തെ ഇടപെടലുകൾ കൊണ്ടും നാടക പ്രവർത്തകരാലും സമ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.

നാടക് ചേളന്നൂർ അവതരിപ്പിച്ച ‘മറവ്’ നാടകം ആദ്യദിനം അരങ്ങിലെത്തി. അനിൽ പി സി പാലം രചനയും കെ കെ പുരുഷോത്തമൻ സംവിധാനവും നിർവഹിച്ച നാടകം ലിയോനാർഡ് മെറിക്കിന്റെ ജഡ്ജ്‍മെന്റ് ഓഫ് പാരിസ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതായിരുന്നു. ചേളന്നൂർ നാടകം പൂക്കുന്ന കാട് അവതരിപ്പിച്ച ‘പേടി’ എന്ന നാടകവും വേറിട്ട അവതരണവുമായി വേദിയിലെത്തി. ജീവിതത്തിനും മരണത്തിനുമിടയിൽ രംഗബോധമില്ലാതെ ഭയം മനുഷ്യരിലേക്ക് കടന്നു വരുന്നതാണ് നാടകത്തിന് ആധാരം. ഗിരീഷ് പി സി പാലമാണ് രചനയും സംവിധാനവും നിർവഹിച്ചത്.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് സങ്കീർത്തന കോഴിക്കോട് അവതരിപ്പിക്കുന്ന ‘ചിറക്’ നാടകം അരങ്ങിലെത്തും. പ്രദീപ് കുമാർ കാവുന്തറ രചന നിർവഹിച്ച നാടകത്തിന്റെ സംവിധാനം രാജീവൻ മമ്മിളിയാണ്. നാടകോത്സവം സെപ്റ്റംബർ മൂന്നിന് അവസാനിക്കും.

ഉദ്ഘാടന ചടങ്ങിൽ ഡ്രാമ കമ്മിറ്റി ചെയർമാൻ ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. മുൻ മേയർ ടി. പി ദാസൻ, ഡ്രാമ കമ്മിറ്റി വൈസ് ചെയർമാൻ കെ. ആർ മോഹൻദാസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഡ്രാമ കമ്മിറ്റി കൺവീനർ വിൽസൺ സാമുവൽ സ്വാഗതവും ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ നന്ദിയും പറഞ്ഞു.

സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും ചേർന്നാണ് ജില്ലയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.