പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി. കോട്ടയം ബസേലിയോസ് കോളേജിലാണ് പരിശീലനം നടന്നത്. പോളിങ് സ്‌റ്റേഷന്റെ പ്രവർത്തനം, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള പരിശീലനം, പോളിങ് നടത്തുന്നതിനെ കുറിച്ചുള്ള പരിശീലനം എന്നിവയാണ് നടന്നത്. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ, സെക്കൻഡ് പോളിങ് ഓഫീസർ, തേർഡ് പോളിങ് ഓഫീസർ എന്നിവരായി നിയോഗിച്ചിട്ടുളളവർക്കാണ് പരിശീലനം നൽകിയത്.

അഞ്ചു ക്ലാസ്സുകളിൽ രണ്ടു സെഷനുകളിലായി 480 പോളിങ് ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, തെരഞ്ഞെടുപ്പ് നീരിക്ഷകൻ യുഗൽ കിഷോർ പന്ത്, വരണാധികാരി വിനോദ് രാജ് തുടങ്ങിയവർ നിർദേശങ്ങൾ നൽകി. നോഡൽ ഓഫീസർ നിജു കുര്യൻ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. പരിശീലനം ഇന്നും (സെപ്റ്റംബർ 2) തുടരും.