ഉദ്ഘാടനം സെപ്റ്റംബർ ഏഴിന്

കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിവിധ മുസിരീസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശ്രീനാരായണപുരം പി എ സയ്യിദ് മുഹമ്മദ് സ്മാരക കമ്മ്യൂണിറ്റി സെന്റർ, മതിലകം ബംഗ്ലാ കടവ് ബോട്ട് ജെട്ടി, പതിനെട്ടരയാളം കോവിലകം (എടവിലങ്ങ് കോവിലകം), അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച് ബോട്ട് ജെട്ടി തുടങ്ങിയ നാല് പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനമാണ് നിർവഹിക്കുക.

നാല് പദ്ധതികളും ഒറ്റ വേദിയിലാണ് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുകയെന്ന് ശാന്തിപുരം മൈത്രി ഹാളിൽ ചേർന്ന വിപുലമായ സ്വാഗത സംഘം ഉദ്ഘാടനം ചെയ്ത് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അറിയിച്ചു.

പി എ സയ്യിദ് മുഹമ്മദ് സ്മാരക കമ്മ്യൂണിറ്റി സെന്റർ

ചരിത്രത്തെ ജനങ്ങളിലേക്കെത്തിച്ച പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പി എ സയ്യിദ് മുഹമ്മദിന്റെ നാമധേയത്തിൽ നിർമ്മിച്ച സ്മാരകത്തിൽ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ്, കമ്മ്യൂണിറ്റി സെന്റർ, കള്‍ച്ചറൽ ഗ്യാലറി, ഓപ്പൺ ലൈബ്രറി എന്നിവ 4.96 കോടി രൂപ ചിലവിലാണ് ഒരുക്കിയിരിക്കുന്നത്. പി എ സയ്യിദ് മുഹമ്മദ് സ്മാരക ലൈബ്രറിയായും വിദ്യാർഥികൾക്കായുള്ള ഹിസ്റ്ററി, ജിയോഗ്രഫി, മാറ്റ്സ് ആക്റ്റിവിറ്റി ആന്റ് റിസേര്‍ച്ച് സെന്‍റര്‍ ഉള്‍പ്പെടുന്ന കേന്ദ്രമായും ഭാവിയിൽ മാറ്റുകയാണ് ലക്ഷ്യം.

മതിലകം ബംഗ്ലാകടവ് ബോട്ട്ജെട്ടി

മുസിരിസ് പൈതൃകപദ്ധതിക്ക് കീഴിൽ വാട്ടർടൂറിസം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി മതിലകത്തെ ഡച്ച് നിർമ്മിതമായ കെട്ടിടത്തിൽ ആരംഭിക്കുന്ന ബ്രിട്ടീഷ് കമ്പനിയുമായി ബന്ധപ്പെട്ട മ്യൂസിയം, ജൈനകേന്ദ്രമായ തൃക്കണ്ണാ മതിലകം, സയ്യിദ് മുഹമ്മദ് സ്മാരകം തുടങ്ങിയ സ്ഥാപനങ്ങൾ ജലമാർഗ്ഗം ചരിത്ര വിദ്യാർഥികൾക്കും മറ്റും സന്ദർശിക്കുന്നതിന് ബോട്ട് ജെട്ടിയുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

മുസിരിസ് മുനക്കൽ ഡോൾഫിൻ ബീച്ച് ബോട്ട് ജെട്ടി

വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ വലിയ ബീച്ചുകളിലൊന്നായ മുനക്കൽ ഡോള്‍ഫിന്‍ ബീച്ച് സന്ദർശിക്കുന്നതിനായും മുസിരീസ് പദ്ധതി പ്രദേശത്തെ മറ്റു പൈതൃക സ്ഥാനങ്ങളിൽനിന്ന് ജലമാർഗ്ഗം എത്താനും ലക്ഷ്യമിട്ട് നിർമിച്ചിരിക്കുന്നു.

പതിനെട്ടരയാളം കോവിലകം (എടവിലങ്ങ് കോവിലകം)

കൊച്ചി രാജാവിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു ഇത്. കൊടുങ്ങല്ലൂർ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്ന ഈ കെട്ടിടം ഇടക്കാലം റവന്യുവകുപ്പിന്റെ അധീനതയിൽ എടവിലങ്ങ് വില്ലേജ് ഓഫീസായി പ്രവർത്തിച്ചിരുന്നു. പിന്നീട് നാശോന്മുഖമായ അവസ്ഥയിൽ ആയിരുന്ന ഈ കെട്ടിടത്തെ മുസിരിസ് പൈതൃകപദ്ധതി സംരക്ഷിച്ചുകൊണ്ട് ഒരു കമ്മ്യുണിറ്റി സെന്ററാക്കി മാറ്റിയിരിക്കുകയാണ്.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മോഹനൻ , സീനത്ത് ബഷീർ, നിഷ അജിതൻ,
കെ പി രാജൻ, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, മെമ്പർമാരായ പി എ നാഷാദ്, ശീതൽ ടി എസ്, കെ ആർ രാജേഷ്, രമ്യ പ്രദീപ്, മിനി പ്രദീപ്, ഇബ്രാഹിം കുട്ടി, ജിബി മോൾ, ജയാസുനിൽ രാജ്, സൗദാ നാസർ, പി എ സെയ്ദ് മുഹമ്മദ് സ്മാരക ട്രസ്റ്റ് പ്രതിനിധി അബ്ദുള്ള മാസ്റ്റർ, മുസിരീസ് പൈതൃക പദ്ധതി അഡ്മിനിസ്റ്ററേറ്റ് മാനേജർ കെ വി ബാബുരാജ്, മുസ്രീസ് ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ് ബദ്രൻ, തുടങ്ങി കലാ- സാംസ്കാരിക, രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു.