വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന “പൊന്നോണം 2023”ന്റെ ഭാഗമായി മാനാഞ്ചിറയിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ  നാടൻ കലാമേള അരങ്ങേറി.

എസ് എസ് കെയുടെ നേതൃത്വത്തിൽ  ദേശീയതലത്തിൽ നടന്ന കലാ- ഉത്സവിൽ കേരളത്തെ പ്രതിനിധീകരിച്ച് അനുഷ്ഠാന കലയിൽ രണ്ടാം സ്ഥാനം നേടിയ തമിഴ് ബാലൻ പി മണി ദീപം തെളിയിച്ചതോടെ മാനാഞ്ചിറയിൽ നാടൻ കലാ രൂപങ്ങളുടെ  അരങ്ങുണർന്നു. ഫോക് ആർട്സ് കമ്മിറ്റി കൺവീനർ പുരുഷൻ കടലുണ്ടി,ഫോക്ക് ആർട്സ് കമ്മിറ്റി ചെയർമാൻ ടി വി ബാലൻ,വൈസ് ചെയർമാൻ സി.പി സദാനന്ദൻ,ജോയിന്റ് കൺവീനർമാരായ പി അബ്ദുൽ മജീദ്,ടി വി എം റസാഖ്,സക്കറിയ പള്ളിക്കണ്ടി, അസീസ് ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരിതെളിയിച്ചത്. ചടങ്ങിൽ മണിയെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

തെയ്യം, ഓട്ടംതുള്ളൽ, നാടൻപാട്ട് തുടങ്ങിയ നാടൻ കലകളാണ് ദീപാലംകൃതമായ മാനാഞ്ചിറയുടെ സായാഹ്നത്തെ സമ്പന്നമാക്കിയത്. 17 വയസ്സുള്ള തമിഴ് ബാലൻ  പി മണി അവതരിപ്പിച്ച  നാഗകാളി തെയ്യം  ശ്രദ്ധേയമായി. നാഗകാവിന്റെ അന്തരീക്ഷം വേദിയിലൊരുക്കി മണി നാഗകാളിതെയ്യമായി പകർന്നാടി.

2023 ലെ കുഞ്ചൻ നമ്പ്യാർ അവാർഡ് ജേതാവ് പത്മനാഭൻ മുചുകുന്നിന്റെ  നേതൃത്വത്തിൽ അരങ്ങേറിയ ഓട്ടൻ തുള്ളൽ കാണികളെ രസിപ്പിച്ചു.   കല്യാണ സൗഗന്ധികമാണ് വേദിയിൽ അവതരിപ്പിച്ചത്. 50 വർഷമായി കലാരംഗത്തുള്ള പത്മനാഭൻ മുചുകുന്നിനു പിന്തുണയുമായി  പിൻപാട്ടുമായി കുഞ്ഞാണ്ടി വാകയാടും മൃദംഗവുമായി കുമാർ മൂടാടിയും  ഒപ്പമുണ്ടായിരുന്നു.

ചലച്ചിത്ര പിന്നണി ഗായകൻ ഗിരീഷ് ആമ്പ്രയുടെ നേതൃത്വത്തിൽ പാട്ടുകൂട്ടം കോഴിക്കോടിന്റെ ‘വാമൊഴിത്താളം’ നാടൻ പാട്ടുകൾ കാണികൾക്ക് ദൃശ്യ, ശ്രവ്യ വിരുന്നൊരുക്കി. തകില്, മുളഞ്ചെണ്ട,  തുടി വടിച്ചിലമ്പ്, ഇടന്തല, വലന്തല എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെയെത്തിയ ഒരോ പാട്ടുകളും ഗ്രാമാന്തരീക്ഷത്തിന്റെ അനുഭൂതി പകർന്നു നൽകി. വടക്കൻ മലബാറിലെ കൃഷി പാട്ടുകൾ,ആദിവാസി ഗാനങ്ങൾ, നാട്ടറിവ് പാട്ടുകൾ, കളിപ്പാട്ടുകൾ, വിനോദ ഗാനങ്ങൾ എന്നിവയ്ക്കൊപ്പം കലാഭവൻ മണിയുടെ പാട്ടുകളിലൂടെയും കയ്യടി നേടി  പാട്ടുക്കൂട്ടം കോഴിക്കോടിന്റെ 15 അംഗ സംഘം.

ഇന്ന് ഇതേ വേദിയിൽ ദഫ് മുട്ട്, നങ്ങ്യാർകൂത്ത്, മലക്കാരി തെയ്യം, നാഗഭൈരവൻ തെയ്യം, കോൽകളി എന്നിവ അരങ്ങേറും.