കോഴിക്കോട് ബീച്ചിൽ നൃത്തതാള വിസ്മയത്തിന്റെ  തിരയിളക്കം തീർത്ത് റിമ കല്ലിങ്കലും ചെമ്മീൻ ബാന്റും. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ബീച്ചിലെ വേദിയിലായിരുന്നു റിമ കല്ലിങ്കലിന്റെ നൃത്തവിരുന്നും ചെമ്മീൻ ബാന്റിന്റെ പാട്ടും താളവും അരങ്ങേറിയത്.

കോഴിക്കോട് ബീച്ചിൽ ആദ്യമായിട്ടായിരുന്നു റിമയും സംഘവും നൃത്ത വിരുന്ന് അവതരിപ്പിച്ചത്. നീലവെളിച്ചം സിനിമയിലെ അനുരാഗ മധുചഷകം, വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യ ഭഗവാനോ, തുടങ്ങി നിരവധി  പാട്ടുകൾക്കാണ് റിമയും സംഘവും ചുവടുവെച്ചത്.

നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും ഉൾപ്പെടെ കോർത്തിണക്കിയ ചെമ്മീൻ ബാന്റിന്റെ പാട്ടുമേളവും സദസ്സിനെ ആവേശത്തിലാഴ്ത്തി. നാട്ടു നാട്ടു, മുക്കാല മുക്കാപ്പില, കാവലയ്യാ, ചെട്ടിക്കുളങ്ങര ഭരണി നാളിൽ, ഹമ്മ ഹമ്മ, തുടങ്ങിയ ഗാനങ്ങളും കൈതോല പായവിരിച്ച് തുടങ്ങിയ നാടൻ പാട്ടുകളും വയലിനിൽ പാട്ടുകളുടെ സംഗീത മേളവും
ചെമ്മീൻ ബാന്റ് ട്രൂപ്പ് ബീച്ചിലെ പൊന്നോണം വേദിയിൽ  തീർത്തു.

സീനിയേർസ് മേളം ഗ്രൂപ്പിന്റെ ചെണ്ടമേളപ്പെരുക്കവും പാട്ടിനൊപ്പം അരങ്ങേറിയത് കാണികളിൽ ആവേശം നിറച്ചു.