ഹൃദയമിടിപ്പ് കൂട്ടുന്ന താളഭാവത്തിൽ രാകേഷ് ബ്രഹ്മാനന്ദം പാടിത്തുടങ്ങിയതോടെ ബേപ്പൂർ മിനി സ്റ്റേഡിയം സംഗീതസാന്ദ്രമായി.
വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി സംഘടിപ്പിക്കുന്ന
കോഴിക്കോടിന്റെ ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഭാഗമായി ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ രാകേഷ് ബ്രഹ്മാനന്ദവും സംഘവും അരങ്ങിലെത്തിച്ച എവർഗ്രീൻ മെലഡി നിറഞ്ഞ കൈയ്യടികളോടെയാണ് സംഗീത സദസ്സ് വരവേറ്റത്.
‘പറനിറയെ പൊന്നളക്കും പൗർണ്ണമി രാവായി’ എന്ന് തുടങ്ങിയ സംഗീതനിശക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആസ്വാദകനായി എത്തിയപ്പോൾ ബേപ്പൂരിന്റെ ഓണാഘോഷ പരിപാടികൾ കൂടുതൽ നിറമുള്ളതായി മാറി.
യുവതയുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി ന്യൂജൻ ഗാനങ്ങൾക്കൊപ്പം കേട്ടു മറന്ന നിത്യ ഹരിത ഗാനങ്ങളും ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിയപ്പോൾ പ്രായഭേദമന്യേ ഏവരെയും ആകർഷിച്ചിരുത്താൻ രാകേഷ് ബ്രഹ്മാനന്ദത്തിന് കഴിഞ്ഞു. ബേപ്പൂർ ഉരുവിന്റെ യശസ്സ് ലോകത്തിന് മുന്നിൽ എത്തിച്ച ഉരുനിർമ്മാതാക്കളെ സംഗീത വേദിയിൽ മന്ത്രി ആദരിച്ചു.
ഇന്ന് രഞ്ജിനി ജോസിന്റെ സംഗീത നിശയും നാളെ കനൽ ബാന്റിന്റെ പ്രകടനവും ബേപ്പൂരിൽ അരങ്ങേറും.