മനസ്സിൽ തട്ടുന്ന ഒട്ടനവധി മൂഹൂർത്തങ്ങളെ ആസ്വാദകർക്ക് മുന്നിൽ എത്തിച്ച് നിറഞ്ഞ കയ്യടി നേടി കോഴിക്കോട് സങ്കീർത്തനയുടെ “ചിറക്” നാടകം. പോന്നോണം 2023 നാടകോത്സവത്തിലാണ് പ്രദീപ് കുമാർ കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം ചെയ്ത നാടകം ആസ്വാദകർക്ക് മുന്നിലെത്തിയത്.

ഓട്ടിസം, സെറിബ്രൽപാൾസി തുടങ്ങിയ അസുഖങ്ങൾ ബാധിച്ച കുഞ്ഞുങ്ങളുടെ കഴിവുകളെ കുറിച്ച്, ഒരു അച്ഛനും അത്തരം ആരോഗ്യ പ്രശ്നമുള്ള മകളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള അതിവൈകാരിക മുഹൂർത്തങ്ങളിലൂടെ കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോവുന്നുണ്ട് “ചിറക്”.

സ്വാർത്ഥ മനുഷ്യർ, കുടുംബങ്ങളിലെ സ്നേഹബന്ധങ്ങൾ, പണത്തിനും പദവിക്കും വിവാഹ ആലോചനകളിലുള്ള സ്വാധീനം തുടങ്ങി കുടുംബബന്ധങ്ങളിലെ നിരവധി കാര്യങ്ങളെ കാഴ്ചക്കാരിലെത്തിക്കുന്നുണ്ട്  ഈ നാടകം.  സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന അമ്പാടി ശിവരാമനെ ജീവനേക്കാളേറെ സ്നേഹിച്ച മുറപ്പെണ്ണ് ഗംഗയുടെ കൂടി കഥയാണ് ചിറക്.

പ്രത്യേക പരിഗണന വേണ്ടവരെ പുറംലോകം കാണിക്കാതെ  അടച്ചിടുകയല്ല വേണ്ടത് മറിച്ച് അവരുടെ കഴിവുകൾ മനസ്സിലാക്കി അവർക്കും പറന്നുയരുവാൻ ചിറകുകൾ നൽകുകയാണ് കൂടെയുള്ളവർ ചെയ്യേണ്ടതെന്ന് ആഹ്വാനം ചെയ്താണ് രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള നാടകം അവസാനിക്കുന്നത്. അഭിനേതാക്കളുടെ മികവാർന്ന പ്രകടനവും  മികച്ച ഗാനങ്ങളും ഈ നാടകത്തിന്റെ പ്രധാന ആകർഷണമായി.