കോഴിക്കോടിന്റെ ഓണാഘോഷം ജനകീയ ഉത്സവമായി മാറിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. പൊന്നോണം 2023 ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2022ൽ സംസ്ഥാന സർക്കാരിന്റെ  സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു തലസ്ഥാനത്തിനു പുറമെ കോഴിക്കോട് ജില്ലയിൽ കൂടി ഓണാഘോഷ പരിപാടി  നടത്തണമെന്നത്. വലിയ ആവേശത്തോടെയാണ് ഓണാഘോഷത്തെ ജനങ്ങൾ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.

2022 ൽ നിന്നും 2023 ലേക്ക് എത്തിയപ്പോൾ
ടൂറിസം മേഖലയിൽ കേരളത്തിന് സാർവദേശീയ, ദേശീയ തലങ്ങളിൽ  നിരവധി അംഗീകാരങ്ങൾ ലഭിച്ചു. നമ്മുടെ നാടിന്റെ പ്രത്യേകതയും ജനങ്ങളുടെ ആതിഥേയ മര്യാദയും മതസൗഹാർദ്ദ അന്തരീക്ഷവുമാണ് കേരളത്തിലേക്ക് കൂടുതൽ ആളുകൾ കടന്നുവരാൻ കാരണമായത്. ആ സംസ്കാരം ഇനിയും വളർത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്നിഹിതനായിരുന്നു. ഓണത്തോടനുബന്ധിച്ച് കേരളത്തിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി കോഴിക്കോടും ഉത്സവ ലഹരിയിലാണ്. മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ച് നമ്മുടെ നാട് മുന്നോട്ട് വെച്ചിട്ടുള്ള മഹത്തായ സാമുദായിക സൗഹാർദ്ദവും ബന്ധങ്ങളും നിലനിർത്തി കൊണ്ടുപോകാനുള്ള അവസരമായി ഈ ഓണത്തെ കാണണമെന്നും മന്ത്രി പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ പത്മശ്രീ ജയറാമും റിമ കല്ലിങ്കലും മുഖ്യാതിഥികളായി. ഓണം എല്ലാവരും ഒത്തുചേർന്ന് തമ്മിൽ കാണുന്ന ഉത്സവമാണെന്ന് ജയറാം പറഞ്ഞു. കലയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുള്ള സ്ഥലമാണ് കോഴിക്കോട്.  ടൂറിസം രംഗത്ത് മികച്ച പ്രകടനമാണ് സംസ്ഥാനം  കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലോകത്ത് കണ്ടിരിക്കേണ്ട മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയതെന്നും ജയറാം പറഞ്ഞു. കുട്ടിക്കാലം മുതലേ  കോഴിക്കോടുമായുള്ള ആത്മബന്ധം ജയറാം ജനങ്ങളുമായി പങ്കുവെച്ചു. കോഴിക്കോടിന്റെ മണ്ണിൽ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിമ കല്ലിങ്കൽ പറഞ്ഞു.

വേദിയിൽ ജയറാമിനെയും റിമ കല്ലിങ്കലിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. കോഴിക്കോടിന്റെ  സ്നേഹോപഹാരവും കൈമാറി.

കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.എം സച്ചിൻദേവ് എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി രാജ് പാൽ മീണ, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ചെയർമാനും ഓണാഘോഷം പോഗ്രാം കമ്മിറ്റി ചെയർമാനുമായ എസ്.കെ സജീഷ് എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ എ ഗീത സ്വാഗതവും ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.