വർത്തമാനകാലത്ത് ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്ത നിരവധി ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് ‘പണ്ടു രണ്ടു കൂട്ടുകാരികൾ’ എന്ന നാടകം. ടൗൺ ഹാളിൽ പോന്നോണം 2023 നാടകോത്സവത്തിലാണ് പ്രദീപ് കുമാർ കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം ചെയ്ത നാടകം ആസ്വാദകർക്ക് മുന്നിലെത്തിയത്. കോഴിക്കോട് രംഗമിത്രയാണ് നാടകം അരങ്ങിലെത്തിച്ചത്.
ഇതര മതത്തിൽ ജനിച്ച രണ്ട് കൂട്ടുകാരികളുടെയും അവരുടെ മക്കളുടെയും കഥയാണ് നാടകത്തിലൂടെ കാഴ്ചക്കാർക്ക് മുന്നിലെത്തുന്നത്. കൂട്ടുകാരികളുടെ മക്കളായ നജീബിന്റെയും നയനയുടെയും സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയാണ് ‘പണ്ടു രണ്ടു കൂട്ടുകാരികൾ’.
സമൂഹത്തിൽ വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വർത്തമാനകാലവും നാളെയെ കുറിച്ചുള്ള ആശങ്കയുമാണ് നാടകത്തിന്റെ ഇതിവൃത്തം. രണ്ട് കുട്ടികളിലൂടെയാണ് നാടകം മുന്നോട്ട് പോവുന്നത്. പ്രൊഫഷണൽ നാടക വേദിയിൽ പ്രധാന കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുന്നു എന്നതാണ് നാടകത്തിന്റെ പ്രത്യേകത. പാറ്റക്കും പഴുതാരക്കും ഇല്ലാത്ത മതം എന്തിനാണ് ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നത് എന്ന് നയനയും നജീബും സമൂഹത്തോട് ചോദിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്. സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രചനയ്ക്കുള്ള അവാർഡ് നേടിയ നാടകം കൂടിയാണ് ‘പണ്ട് രണ്ട് കൂട്ടുകാരികൾ’.