വിവേചന രഹിതമായി വികസനം എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സൗത്ത് നിയോജക മണ്ഡലത്തിലെ വാർഡ് 31 ൽ പൂവ്വങ്ങൽ അയ്യപ്പക്ഷേത്രം റോഡ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാട് ഒറ്റക്കെട്ടായി കൂടെ നിന്നതു കൊണ്ടാണ് വികസന മുന്നേറ്റം കാഴ്ചവെക്കാനായത്.  നാടിന്റെ പുരോഗതിക്കായി തുടർന്നും ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

പ്രവൃത്തി നടക്കുക എന്നത് മാത്രമല്ല പ്രധാനം, റോഡുകളുടെ പരിപാലനവും വളരെ പ്രധാനപ്പെട്ടതാണ്.  പരിപാലന കാലാവധി പൂര്‍ത്തിയായ റോഡുകളില്‍ പരിപാലനം ഉറപ്പാക്കുന്നതിനുള്ള സ്ഥിരസംവിധാനം എന്ന നിലയിൽ , റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം സംസ്ഥാനത്ത് ആദ്യമായി നടപ്പില്‍ വരുത്തി. 90 ശതമാനം റോഡുകളും റണ്ണിംഗ് കോണ്‍ട്രാക്ട് പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചതായി മന്ത്രി പറഞ്ഞു. ചടങ്ങിൽ കൗൺസിലർ എംപി സുരേഷ് അധ്യക്ഷത വഹിച്ചു.

2022-23 വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നും 40ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൺവീനർ പി.കെ വിനോദ്, സ്വാഗതസംഘം കമ്മിറ്റി പ്രതിനിധി പി.പീലി ദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.