ലാഭവിഹിതം കൈമാറുന്നത് 35 വർഷത്തെ ചരിത്രത്തിൽ ആദ്യമായി

സംസ്ഥാന വനിത വികസന കോർപറേഷന്റെ 2021-22 വർഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി. കേരള സർക്കാരിന്റെ ലാഭവിഹിതമായ 27,75,610 രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൊതുമേഖലയുടെ വികസനവും സംരക്ഷണവും മുൻനിർത്തി പ്രവർത്തിച്ചു വരുന്ന കോർപറേഷൻ 35 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് സർക്കാരിന് ലാഭവിഹിതം കൈമാറുന്നത്. വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു ഒപ്പമുണ്ടായിരുന്നു.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി പ്രവർത്തിച്ചു വരുന്ന സംസ്ഥാന വനിതാ വികസന കോർപറേഷൻ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ വനിത/ട്രാൻസ്ജെൻഡർ സംരംഭകർക്ക് വായ്പ നൽകുന്നതിൽ കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ റെക്കോഡിട്ടിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 260.75 കോടി രൂപ വനിതാ വികസന കോർപറേഷൻ വായ്പ വിതരണം ചെയ്തു. 35 വർഷത്തെ പ്രവർത്തനത്തിൽ കോർപറേഷൻ വായ്പ നൽകിയ ഏറ്റവും ഉയർന്ന പ്രതിവർഷ തുകയാണിത്. 140 കോടി രൂപയിൽ നിന്നും സർക്കാർ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയർത്തിയാണ് വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചത്. 70,582 തൊഴിലവസരങ്ങളാണ് കോർപറേഷൻ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളിലൂടെ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.