14 വീടുകളുടെ താക്കോലുകൾ കൈമാറി

എടവിലങ്ങ് ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന ഹൗസിംഗ് ബോർഡിന്റെ എം എൻ ലക്ഷം വീടിലെ ഇരട്ട വീട് ഒറ്റവീട് ആക്കി മാറ്റുന്ന പദ്ധതി വഴി ലഭിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി പി സുനീർ വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് ഗ്രാമ പഞ്ചായത്തിൽ 14 വീടുകൾക്ക് നാല് ലക്ഷം രൂപ വീതം അനുവദിച്ചു. ഏറെ ജനശ്രദ്ധ നേടിയിരുന്ന ലക്ഷംവീട് കോളനി പദ്ധതിയിൽ ഒറ്റവീട്ടിൽ ഒരു ചുമരിന്റെ മറയിൽ അപ്പുറവും ഇപ്പുറവുമായി രണ്ട് കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. സ്വന്തമായി ഒരു ഭവനം എന്നത് സ്വപ്നം കാണാൻ പോലും പറ്റാതിരുന്ന അന്നത്തെ സാധാരണക്കാരന് ഈ പദ്ധതി ഏറെ ആശ്വാസമായിരുന്നു. മാറിയ സാഹചര്യവും കാലപഴക്കത്തിൽ വന്ന ജീർണതയുമാണ് എം എൻ ലക്ഷംവീട് ഇരട്ടവീട് ഒറ്റവീട് ആക്കി മാറ്റുക എന്ന പദ്ധതിക്ക് ഹൗസിംഗ് ബോർഡ്‌ രൂപം നൽകിയിരിക്കുന്നത്.

ചടങ്ങിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ അധ്യക്ഷയായി.മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ഹൗസിംഗ് ബോർഡ് മെമ്പർ ഗീതാഗോപി മുഖ്യാതിഥികളായി. വാർഡ് മെമ്പർ എം എ ഹരിദാസ്, ഹൗസിംഗ് ബോർഡ് എക്സി. എഞ്ചിനീയർ സി എസ് ഗിരീശൻ, ബ്ലോക്ക് മെമ്പർ മോനിഷ ലിജിൻ, വാർഡ് മെമ്പർമാരായ ബിന്ദു രാധാകൃഷ്ണർ, ഷാഹിന ജലീൽ, എം ആർ കൈലാസൻ, കെ കെ മോഹനൻ, സന്തോഷ് പുളിക്കൽ, ജാസ്മി ടൈറ്റസ്, സുബി പ്രമോദ്, സുരഭി സുമൻ, ആശാലത, സന്തോഷ് കോരിചാലിൽ, സിഡിഎസ് ചെയർപേഴ്സൺ റീന ആന്റണി, സി എ ഷഫീർ, പി എ താജുദ്ദീൻ, ജോസഫ് ദേവസ്യ, പ്രദീപ് അറക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ബി മുഹമ്മദ് റഫീഖ് , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.