സമ്പൂർണ്ണ ഡിജിറ്റൽ ഭൂ സർവ്വെ ചരിത്രമാകും: മന്ത്രി കെ രാജൻ

നാല് വർഷം കൊണ്ട് കേരളത്തിലെ ഡിജിറ്റൽ ഭൂ സർവ്വെ പൂർത്തിയാകുമ്പോൾ അത് ചരിത്ര പരമായ മുന്നേറ്റമാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത രീതിയിൽ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തുടങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും 82000 ഹെക്ടർ മാത്രമാണ് അളക്കാനായത്. അതിനാലാണ് സർക്കാർ ഡിജിറ്റൽ സർവ്വെ ആരംഭിച്ചത്. അതിലൂടെ എട്ട് മാസം കൊണ്ട് 131288 ഹെക്ടർ അളക്കാൻ കഴിഞ്ഞു. നാല് വർഷം കഴിഞ്ഞാൽ മുഴുവൻ ഭൂമിയുടെയും സമ്പൂർണ്ണ വിവരം റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ ഗ്യാലറിയിൽ ഉണ്ടാകും.

കേരളത്തിൽ നിലവിൽ ഒരു ലക്ഷത്തിലധികം അതിർത്തി തർക്ക കേസുകളുണ്ടെന്നും അത് ഉൾപ്പെടെ സർവ്വെ പൂർത്തിയാകുന്നതോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വയത്തൂർ വീല്ലേജ് ഓഫീസിൻ്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റി 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുക. പ്രവൃത്തി പൂർത്തിയാകുന്നത് വരെ സമീപത്തെ വാടക കെട്ടിടത്തിൽ വയത്തൂർ വില്ലേജ് ഓഫീസ് പ്രവർത്തിക്കും.

വില്ലേജ് ഓഫീസറുടെ മുറി, കാത്തിരിപ്പ് ഏരിയ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, റെക്കോര്‍ഡ് മുറി, മീറ്റിംഗ് ഏരിയ, ശുചിമുറി, റാമ്പ് തുടങ്ങിയവ പുതുതായി നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിലുണ്ടാകും. ചടങ്ങിൽ സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ എസ് ലിസി, കലക്ടർ എസ് ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, വാർഡ് അംഗം ആയിഷ ഇബ്രാഹിം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.