നെഞ്ചിൽ കനലുമായി വില്ലേജ് ഓഫീസിലെത്തുന്ന സാധാരണക്കാരന് ആശ്വാസമാവാൻ കഴിയും വിധം ആർദ്രതയോടെ കരുതലോടെ കൈത്താങ്ങോടെ ജീവനക്കാർ പെരുമാറുമ്പോൾ കൂടിയാണ് വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കീഴൂർ വില്ലേജ് ഓഫീസിനു വേണ്ടി നിർമ്മിച്ച സ്മാർട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആറ് വില്ലേജുകളിലായി 37 പേർക്ക് ലക്ഷംവീട് പട്ടയവും മന്ത്രി വിതരണം ചെയ്തു.
സേവന വകുപ്പ് കൂടി ആയതിനാൽ ഏറ്റവും സാധാരണക്കാരായവരുടെ ഭൂമി പ്രശ്നങ്ങൾ മാത്രമല്ല, മറ്റെല്ലാ വകുപ്പുകളും ഏൽപ്പിക്കുന്ന ചുമതലകൾ കൂടി നിർവഹിക്കാൻ റവന്യു വകുപ്പിന് ബാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാവർക്കും ഭൂമി നൽകാനുള്ള പട്ടയ മിഷനും എല്ലാ ഭൂമിക്കും രേഖയുണ്ടാക്കാനുള്ള ഡിജിറ്റൽ റീസർവ്വേയും എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കാനുള്ള, ഡിജിറ്റലൈസേഷനുമായി റവന്യൂ വകുപ്പ് മുമ്പോട്ട് പോവുകയാണ്.

നവംബർ ഒന്നോടെ ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തീകരിക്കും. പട്ടയ മിഷന്റെ അഞ്ച് ഘടകങ്ങളിൽ ഏറ്റവും താഴത്തെ ഘടകം വില്ലേജ് തല ജനകീയ സമിതിയാണ്. പട്ടയത്തിന്റെ വിവരശേഖരണം ഉൾപ്പെടെ നടത്താൻ അധികാരമുള്ള സമിതിയാണിത്. വില്ലേജിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ചേരുന്ന സമിതിയിൽ രേഖപ്പെടുത്താം.

കേരളത്തിലെ എല്ലാ വില്ലേജ് തല ജനകീയ സമിതികളുടെയും ചർച്ചകൾ തിങ്കളാഴ്ച വൈകുന്നേരം ആകുമ്പോഴേക്കും മന്ത്രിയുടെ മുമ്പാകെ എത്താൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ 140 അസംബ്ലി നിയോജകമണ്ഡലങ്ങളിലും പട്ടയ അസംബ്ലിയും രൂപീകരിച്ചിട്ടുണ്ട്. വില്ലേജ് തലം മുതൽ നിയമസഭ വരെ ഏത് തലത്തിൽ പരിഗണിച്ചിട്ടാണെങ്കിലും ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പായം വില്ലേജിൽ 20, വിളമന വില്ലേജിൽ 13, കീഴൂർ, ചാവശ്ശേരി, കോളാരി, തില്ലങ്കേരി വില്ലേജുകളിൽ ഒന്നു വീതം ലക്ഷംവീട് പട്ടയങ്ങളാണ് വിതരണം ചെയ്തത്.അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, നഗരസഭ കൗൺസിലർ വി പി അബ്ദുൽ റഷീദ്, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, എ ഡി എം കെ കെ ദിവാകരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.