വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാ കാണികള്‍ക്കും ആസ്വദിക്കാവുന്ന രീതിയിലാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) വള്ളംകളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മറൈന്‍ ഡ്രൈവിലെ മത്സര നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
കഴിഞ്ഞവര്‍ഷം ഉണ്ടായ പോരായ്മകള്‍ പരിഹരിച്ച് മികച്ച രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഉദ്ഘാടന വേദികൂടിയായ മറൈന്‍ഡ്രൈവില്‍ സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ ട്രാക്കിന്റെ പരിശോധന നടപടികള്‍ പുരോഗമിക്കുകയാണ്. ട്രാക്കിന്റെ ചില ഭാഗങ്ങളില്‍ എക്കല്‍ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. മണ്ണ് നീക്കംചെയ്ത് കായലിന്റെ ആഴം കൂട്ടുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
സിബിഎല്ലിന്റെ അനുബന്ധ പരിപാടിയായി ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ചെറുവള്ളക്കാരുടെ യോഗം ചേരണമെന്നും എംഎല്‍എ യോഗത്തില്‍ നിര്‍ദേശിച്ചു.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തിന്റെ മൂന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ജില്ലയില്‍ മറൈന്‍ഡ്രൈവ്, പിറവം എന്നിവിടങ്ങളിലാണ് സി ബി എല്‍ മത്സരങ്ങള്‍ നടത്തുന്നത്.
മറൈന്‍ഡ്രൈവില്‍ നടക്കുന്ന സിബിഎല്ലിന്റെ പ്രാദേശിക കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ വിനോദ് എംഎല്‍എയാണ്. മേയര്‍ അഡ്വ. എം അനില്‍കുമാര്‍ വൈസ് ചെയര്‍മാന്‍, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് കമ്മിറ്റി കണ്‍വീനര്‍, ടൂറിസം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ എ ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍ എന്നിങ്ങനെയാണ് പ്രാദേശിക കമ്മിറ്റിയില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങള്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, തഹസില്‍ദാര്‍, ഡിടിപിസി സെക്രട്ടറി, ഡിവിഷണല്‍ ഓഫീസര്‍ ഫയര്‍ ആന്റ് റെസ്‌ക്യു എന്നിവരും പ്രാദേശിക കമ്മിറ്റിയില്‍ അംഗങ്ങളാണ്.
യോഗത്തിന് ശേഷം എംഎല്‍എ, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവിലെ ഫിനിഷിംഗ് പോയിന്റ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള, ടൂറിസം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ എ ഷാഹുല്‍ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, സി ബി എല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളായ കേശവകുറുപ്പ്, എ എം ഇക്ബാല്‍, കെ കെ ഷാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.