രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണ അനൂപ് അധ്യക്ഷത വഹിച്ചു.
രാജാക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചെറുകിട വ്യവസായം, കച്ചവടം, സേവനസംരംഭം എന്നിവയ്ക്കായി ആവിഷ്‌കരിച്ച സബ്സിഡി സ്‌കീമുകള്‍, ഗ്രാന്റുകള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. വ്യവസായ വകുപ്പിന്റെ വിവിധ സബ്‌സിഡി പദ്ധതികളെക്കുറിച്ച് ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസര്‍ പി എസ് വിശാഖ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
35 ശതമാനം സബ്സിഡിയോടെ കമ്പ്യൂട്ടര്‍ സെന്ററുകള്‍, ഡയറി ഫാമുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഓട്ടോ ടാക്സികള്‍, ഏലക്ക ഡ്രയറുകള്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍, 45 ശതമാനം സബ്സിഡിയോടെ ഫ്ളോര്‍ മില്ലുകള്‍, ബോര്‍മ്മകള്‍, മറ്റ് നിര്‍മ്മാണ യൂണിറ്റുകള്‍, 6 ശതമാനം പലിശയിളവോടെ കച്ചവടസ്ഥാപനങ്ങള്‍, ടാക്സി വാഹനങ്ങള്‍ എന്നിങ്ങനെയുള്ള സ്‌കീമുകളെകുറിച്ച് ക്ലാസ്സില്‍ വിശദീകരിച്ചു. 53 പ്രദേശവാസികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
രാജാക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി ആര്‍ രാജു, മിനി ബേബി, ബിജി സന്തോഷ്, നിഷ രതീഷ്, വ്യവസായ വകുപ്പ് രാജാക്കാട് പഞ്ചായത്ത് എന്റെര്‍പ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (ഇഡിഇ) മാത്യൂസ് വി റ്റി, ഉടുമ്പന്‍ചോല പഞ്ചായത്ത് ഇഡിഇ അരുണ്‍കുമാര്‍ ആര്‍ എസ് എന്നിവര്‍ പങ്കെടുത്തു.