സംസ്ഥാന ശുചിത്വ മിഷന്റെ ‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ കൊമ്പനാട് ഗവ യു.പി സ്കൂളിൽ പഞ്ചായത്ത് തല ശുചിത്വോത്സവം -2023 സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു.

ജില്ലയിലെ ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കുന്നതിന്റെ ഭാഗമായാണ് ശുചിത്വോത്സവം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എൽ പി, യു പി വിഭാഗം കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്‍റെ ചുറ്റുപാടുകളെ തിരിച്ചറിഞ്ഞ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനുമുള്ള ഒരു മനോഭാവത്തിലേക്ക് പുതുതലമുറയെ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ,പഞ്ചായത്ത് മെമ്പർ ജിനു ബിജു, പി.ടി.എ പ്രസിഡന്റ് രേഷ്മ ജോൺ, മാതൃസംഘം പ്രസിഡന്റ് എ.വി ജിജി, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.