കുന്നംകുളം താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 76.51 കോടി രൂപയുടെ സാങ്കേതികാനുമതിയായി.എ സി മൊയ്‌തീൻ എംഎൽഎ മന്ത്രിയായിരിക്കെ പ്രത്യേക താല്പര്യമെടുത്ത് കിഫ്‌ബി പദ്ധതികളിൽ ഉൾപ്പെടുത്തിയതാണ് കുന്നംകുളം താലൂക് ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക്‌.

1.48 ലക്ഷം ചതുരശ്ര അടിയില്‍ 7 നിലകളിലായാണ് ആധുനിക ചികിത്സാ സൗകര്യങ്ങളോട് കൂടിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിനു താഴത്തെ നിലയിൽ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, എം ജി പി എസ് ബാറ്ററി റൂം, ലാബ്, മോർച്ചറി എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ ക്വാഷ്വാലിറ്റി, ട്രയാജ്, ഒബ്സർവേഷൻ റൂം, പ്രൊസീജിയർ റൂം, മൈനർ ഒ ടി, സിടി സ്കാൻ, എക്സ്-റേ, ഡയാലിസിസ് തുടങ്ങിയവയുമാണ് പ്രവർത്തിക്കുക.

ഒന്നാം നിലയിൽ ഒ.പി റൂം, ഓർത്തോ, ജനറൽ ഒ.പി, ഫീവർ ക്ലിനിക്, ഡെർമെറ്റോളജി, ഒപ്താൽമോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, പീഡിയാട്രിക്ക്, ഗൈനക്കോളജി. രണ്ടാം നിലയിൽ വാർഡുകൾ, ഐസൊലേഷൻ, ഡ്യൂട്ടി റൂം. മൂന്നാം നിലയിൽ വാർഡുകളും മെഡിക്കൽ ഐസിയുമാണ് പ്രവർത്തിക്കുക.

നാലാം നിലയിൽ ഓപ്പറേഷൻ തിയറ്റർ, പ്രീ ഒ പി റൂമുകൾ, അനസ്തേഷ്യ റൂം, സർജിക്കൽ ഐസിയു എന്നിവ ഉണ്ടാകും. അഞ്ചാം നിലയിൽ എ എച്ച് യു  (എയർ ഹാൻറിലിംഗ് യൂണീറ്റ്), സി എസ് എസ് ഡി (സെൻറർ സ്റ്റർലൈസിംഗ് സർവ്വീസ്  സിപ്പാർട്ട്മെന്റ്) എന്നിവയും ഒരുക്കും.

കിഫ്ബിയുടെ എസ്.പി.വിയായ ഇന്‍കെല്‍ ലിമിറ്റഡാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിച്ചത്.  പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തി പൂർത്തിയായിട്ടുണ്ട്. ടൗൺ പ്ലാനിങ്ങിൽ നിന്നുള്ള കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് അനുമതി ഈയാഴ്ച ലഭ്യമാകുമെന്ന് എംഎൽഎ അറിയിച്ചു.