അമിത വിലയ്ക്കെതിരെയുള്ള ബദൽ മാതൃകയെന്ന് മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന അമിതഭാരം ലഘൂകരിക്കുന്നതിനുള്ള ബദൽ മാതൃകയാണ് പ്രതീക്ഷ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്ന “പ്രതീക്ഷ” മാതൃക പദ്ധതിയുടെ ഉദ്ഘാടനവും ഗാർഹിക മാലിന്യ സംസ്കരണത്തിനുള്ള ലാർവ ഉത്പാദന യൂണിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള നൂതന പദ്ധതികൾ നടപ്പാക്കുന്നതിലൂടെ പഞ്ചായത്തുകളിൽ നാടൻ കോഴികളെ വളർത്തി മുട്ടക്കോഴി, ഇറച്ചി എന്നിവയുടെ ഉൽപാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പാൽ, മുട്ട, ഇറച്ചി കോഴി ഉത്പാദനം എന്നിവയിൽ കേരളം സ്വയംപര്യാപ്തതിലേക്ക് അടുക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനായി. കോഴിയിറച്ചി ഉൽപാദന- സംസ്കരണ മേഖലയ്ക്ക് കരുത്ത് പകരുന്ന പദ്ധതികളാണ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന കുടുംബശ്രീ മിഷൻ, വിവിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ തെരെഞ്ഞെടുത്ത കർഷകർക്ക് മുട്ടക്കോഴികളുടെ പൂവൻ കുഞ്ഞുങ്ങളെയും നാടൻ ഇനത്തിൽപെട്ടവയെയും, ഗാർഹിക മാലിന്യത്തിൽ നിന്നും ഈച്ചകളിലെ ലാർവ്വ ഉൽപ്പാദന യൂണിറ്റും ഏകോപിപ്പിച്ച് വീട്ടുമുറ്റത്ത് ഇറച്ചിക്കോഴികളായി വളർത്തിയെടുക്കുന്ന പരീക്ഷണ പദ്ധതിയാണ് “പ്രതീക്ഷ”. സർവകലാശാലയുടെ തുടർച്ചയായ ശാസ്ത്രസാങ്കേതിക പിന്തുണയോടെ ഗാർഹിക തീറ്റക്കൊപ്പം ലാർവ്വകൾ കോഴികൾക്ക് പോഷകാഹാരമായി നൽകുകയും വിശദമായ അപഗ്രഥനങ്ങൾക്ക് ശേഷം സംസ്ഥാനം മുഴുവൻ നടപ്പാക്കാവുന്ന സമഗ്ര പദ്ധതിയായി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി 50 ഉത്പാദന യൂണിറ്റുകളാണ് വിതരണം ചെയ്യുക. ഓരോ യൂണിറ്റിനും 10 കോഴികൾ വീതമാണ് നൽകുന്നത്.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ, വൈസ് ചാൻസിലർ ഡോ. എം ആർ ശശീന്ദ്രനാഥ്, രജിസ്ട്രാർ ഡോ. പി സുധീർ ബാബു, അക്കാദമിക് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ സി ലത, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ഡോ. കവിത, സി എ എസ് പി എസ് ഡയറക്ടർ ഡോ. പി അനിത, ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്പ് ഡോ. ടി എസ് രാജീവ്‌, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.