സാങ്കേതികമായി രാജ്യം മുന്‍മ്പോട്ടു പോകുന്നതനുസരിച്ച് സമൂഹവും മുന്‍മ്പോട്ടു പോകേണ്ടതുണ്ടെന്ന് വഖഫ്-ന്യൂനപക്ഷമന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. ഈ മുന്നേറ്റം മുസ്ലിം സമൂഹത്തിലും നടപ്പിലാക്കുന്നതിനു വേണ്ടി ആവിഷ്‌ക്കരിച്ച ഹൈടെക് രീതിയിലുളള സാമൂഹികസാങ്കേതിക മുന്നേറ്റ പദ്ധതിയായ മഹല്‍സോഫ്റ്റിന്റെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഓരോ മഹല്ലുകളുടെയും വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിലൂടെ മഹല്‍ അംഗങ്ങള്‍ക്കുളള അവകാശങ്ങളും സ്‌കോളര്‍ഷിപ്പുകളും തുടങ്ങി എല്ലാ പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്കു യഥാസമയം എത്തിക്കാന്‍ മഹല്‍സോഫ്റ്റിലൂടെ സാധിക്കും. തുടക്കത്തില്‍ ഏഴ് ജില്ലകളില്‍ ആരംഭിക്കുന്ന പദ്ധതി ഉടന്‍ മറ്റുളള ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ടി.വി. മുഹമ്മദ് ഫൈസല്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഇമാം പി.എച്ച്. അബ്ദുള്‍ഗഫാര്‍ മൗലവി, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ചിഞ്ചു ടീച്ചര്‍, സൈഫുദ്ധീന്‍ ഹാജി, എം.കെ.നാസറുദ്ധീന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എസ്. ആര്‍. സി. ഡയറക്ടര്‍ ഡോ. എന്‍.ബി. സുരേഷ്‌കുമാര്‍ സ്വാഗതവും വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസര്‍ എ. ഹബീബ് നന്ദിയും പറഞ്ഞു. മഹല്‍സോഫ്റ്റ് പദ്ധതിയുടെ സാങ്കേതിക സമര്‍പ്പണം ഷാഹിര്‍ ഇസ്മയില്‍, ഷാഫി അമ്പലത് എന്നിവര്‍ നിരവഹിച്ചു.