ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിവിധ ജില്ലകളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു.
കൊല്ലം ജില്ലയില്‍ ഇന്നലെ (ഒക്ടോബര്‍ നാല്) ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പ്രളയബാധിത പ്രദേശമായ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
എലിക്കാട്ടൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ നടന്ന ക്യാമ്പില്‍ ഗൈനക്കോളജിസ്റ്റ്, ഫിസിഷ്യന്‍, ത്വഗ് രോഗ വിദഗ്ധന്‍, ശിശുരോഗവിദഗ്ധന്‍ എന്നിവരുടെ സേവനം ലഭ്യമാക്കി. മരുന്നുകള്‍ സൗജന്യമായി വിതരണംചെയ്തു. ക്യാമ്പിന്റെ ഭാഗമായി സജ്ജീകരിച്ച സഞ്ചരിക്കുന്ന ലാബോറട്ടറിയില്‍ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധന നടത്തി. ആരോഗ്യ ബോധവത്കരണം രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ് ഉദ്ഘാടനം ചെയ്തു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്‍ അധ്യക്ഷയായി.
കാസര്‍കോട് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. കാസര്‍കോട് ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ ക്വിസ്, ഉപന്യാസം, കവിതാലാപന മത്സരങ്ങള്‍ നടന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗാന്ധിജിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ നടന്നത്.
മത്സരങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധിജയന്തി വാരാചരണ സന്ദേശം പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരത്ത് വിതുര പഞ്ചായത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു. മണലി പട്ടികവര്‍ഗ മേഖലയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മണലിയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള കിന്‍ഡര്‍ ഗാര്‍ട്ടനില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം വിജു മോഹന്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ മെഡിസിന്‍, ഡര്‍മറ്റോളജി, ഡെന്റിസ്ട്രി എന്നീ സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. നെടുമങ്ങാട് താലൂക്ക് ആശുപത്രി, വിതുര പൊതുജനാരോഗ്യ കേന്ദ്രം എിവിടങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്. സൗജന്യമായി മരുന്നുകള്‍ നല്‍കി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ താലൂക്ക് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
തൃശൂര്‍ ജില്ലയില്‍ ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി അഞ്ച് മുതല്‍ പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഗാന്ധിദര്‍ശന്‍ പഠനപരിപാടിയില്‍ 495 സ്‌കൂളുകളില്‍ നിന്ന് 45000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഗാന്ധിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളെക്കുറിച്ചുളള പ്രസംഗം, ആസ്വാദനക്കുറിപ്പു തയ്യാറാക്കല്‍, സ്‌കൂള്‍ തല മൂല്യനിര്‍ണ്ണയ പരീക്ഷ എന്നിവയാണ് നടത്തിയത്. വിവിധ ഗാന്ധിയന്‍ പുസ്തകങ്ങളെ ആസ്പദമാക്കി 20 ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയത്. ഒരു ചോദ്യത്തിന് 5 മാര്‍ക്കു വീതം 100 മാര്‍ക്കിലായിരുന്നു പരീക്ഷ. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പുസ്തകവും സര്‍ട്ടിഫിക്കറ്റവും ഒക്ടോബര്‍ 27 ന് നടക്കുന്ന ഉപജില്ലാ മത്സരത്തില്‍ നല്‍കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഗാന്ധിദര്‍ശന്‍ സമിതി, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
കണ്ണൂരില്‍ ഗാന്ധി ജയന്തിയുടെ ഭാഗമായി ഊര്‍പ്പളളി മഠത്തില്‍ കുളം ശുചീകരിച്ചു. വേങ്ങാട് ഇ.കെ.നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൂത്തുപറമ്പ് ജനമൈത്രി പോലീസ്, സേവ് ഊര്‍പ്പളളി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.