ആലപ്പുഴ:കുട്ടനാടിന്റെയും ടൂറിസത്തിന്റെയും പുനർജ്ജീവനത്തിനായി ഈ വർഷത്തെ നെഹ്‌റുട്രോഫി വള്ളംകളി നവംബറിൽ നടത്താൻ തീരുമാനിച്ചതായി ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു.  സർക്കാരിൽ നിന്ന് പുതുതായി ഒരു സാമ്പത്തിക സഹായവും സ്വീകരിക്കാതെ തദ്ദേശീയമായി പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക. ഈ മാസം ഒമ്പതിന് ചേരുന്ന എൻ.ടി.ബി.ആർ.സൊസൈറ്റി യോഗത്തിൽ തിയതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആർഭാടങ്ങളില്ലാതെ ചെലവ് ചുരുക്കിയായിരിക്കും മത്സരം സംഘടിപ്പിക്കുന്നത്. എൻ.ടി.ബി.ആർ.സൊസൈറ്റി ചെയർമാൻ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.