കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കുട്ടികളുടെ രോഗ നിര്‍ണയത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര പദ്ധതി രണ്ടാംഘട്ടത്തിന് സെപ്റ്റംബർ 20ന് ജില്ലയിൽ തുടക്കമാകും. രണ്ടു മാസമാണ് പരിപാടി നടക്കുക.

ബാല മിത്രയുടെയും മിഷൻ ഇന്ദ്രധനുഷിന്റെയും രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായും ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തലുമായി ബന്ധപ്പെട്ടും ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

കുഷ്ഠ രോഗം തുടക്കത്തില്‍ കണ്ടെത്തി അംഗവൈകല്യം ഒഴിവാക്കുകയാണ് ബാല മിത്രം പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. അങ്കണവാടികൾ മുതൽ സ്കൂളുകളിൽ വരെ രണ്ടുമാസകാലയളവിൽ പരിപാടി നടപ്പിലാക്കും. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കുന്ന നോഡല്‍ അധ്യാപകര്‍ക്കും കുഷ്ഠരോഗത്തെ കുറിച്ച് പരിശീലനവും ബോധവത്ക്കരണവും നല്‍കും. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ച് തുടര്‍ന്നുള്ള ചികിത്സയും ഉറപ്പുവരുത്തും. കുടുംബാംഗങ്ങളെയും പരിശോധിക്കും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുക.

ഗർഭിണികളിലും കുട്ടികളിലും സമ്പൂർണ്ണ വാക്സിനേഷൻ ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഇന്ദ്ര ധനുഷ് 5.0 പരിപാടിയുടെ രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയാണ്. ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കുട്ടികളിൽ 107 ശതമാനവും ഗർഭിണികളിൽ 97.8 ശതമാനവും കൈവരിച്ചു. രണ്ടാം ഘട്ടത്തിൽ 3460 കുട്ടികൾക്കും 735 ഗർഭിണികൾക്കുമാണ് വാക്സിൻ നൽകുന്നത്. ഇതിനായി സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സബ് സെന്റർ, വാക്സിനേഷനായി തിരഞ്ഞെടുത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിലായി 565 സെഷനുകൾ തീരുമാനിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി, എലിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. രോഗവാഹിനികളായ കൊതുക് പോലുള്ളവരെ ഉറവിട നശീകരണത്തിലൂടെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നിർദേശം നൽകി. വയറിളക്ക രോഗങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കണം. ജില്ലയിലെ വിദ്യാലയങ്ങളിൽ കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പനി വരുന്ന സാഹചര്യത്തിൽ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. കെ ആശ യോഗത്തിൽ പറഞ്ഞു.

യോഗത്തിൽ ആർ.സി.എച്ച്.ഒ ഡോ. കെ. എൻ സതീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.