മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും അടുത്ത ഒരു വർഷത്തിനകം ജില്ലയെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനുമായി
ഏകീകൃത നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) തയാറാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലയുടെ നോഡൽ ഓഫീസറുമായ എം.ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മാലിന്യ മുക്തം നവകേരളം അവലോകന യോഗത്തിലാണ് തീരുമാനം.

മാലിന്യ സംസ്കരണത്തിലെ പ്രായോഗിക തടസങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും അനുയോജ്യമായ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തും. വിദേശ രാജ്യങ്ങളിലേതു പോലുള്ള മാലിന്യ സംസ്കരണ രീതികൾ ഇവിടെയുമുണ്ടാകണം. ഉദ്യോഗസ്ഥരും ജനങ്ങളും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. മാലിന്യ സംസ്കരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. ഇവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും കൂടുതൽ വരുമാനം ലഭിക്കുന്ന സാഹചര്യവും ഒരുക്കണം. സ്കൂളുകളിലടക്കം ബോധവത്കരണവും ഊർജിതമാക്കണം. മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വിദ്യാർഥികളെ നേരിട്ട് ബോധ്യപ്പെടുത്തണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണം. ഇതിനായുള്ള എസ്. ഒ.പി. ആണ് തയാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ തദ്ദേശസ്ഥാപനങ്ങൾക്കും അനുയോജ്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയാറാക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. സ്കൂൾ വിദ്യാർഥികളെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ച് ബോധവത്കരണം നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പദ്ധതി തയാറാക്കുമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കർമ്മസേനയ്ക്ക് ശമ്പളം ഏർപ്പെടുത്തുക, യൂസർ ഫീ പിരിവ് മൂന്നു മാസത്തിലാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. ഷെഫീഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.