കോട്ടയം ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടിയുടെ രണ്ടാം ദിവസമായ ഇന്നലെ (ഒക്‌ടോബര്‍ 4) ചങ്ങനാശ്ശേരി പൂവം എസി കോളനിയും കല്ലറ മുണ്ടാര്‍ അംബേദ്കര്‍ കോളനിയും ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശിച്ചു. പ്രളയക്കെടുതി ഏറ്റവുമധികം നേരിട്ട പൂവം എസി കോളനിയിലെ കേടുപാടുകള്‍ സംഭവിച്ച വീടുകളും തകരാറിലായി കിടക്കുന്ന പൂവം പാലവും 40 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പരിശോധിച്ച് വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡു മെമ്പറും കൂടിയായ വത്സമ്മ കുഞ്ഞുമോന്‍ പ്രളയക്കെടുതികള്‍ വിശദീകരിച്ചു. പ്രളയാനന്തരം കുടിവെള്ള പ്രശ്‌നം രൂക്ഷമായ പ്രദേശമാണ് പൂവം എസി കോളനി. ചങ്ങനാശ്ശേരി പെരുന്ന പമ്പ് ഹൗസില്‍ നിന്നു കോളനിയിലേക്ക് വെള്ളമെത്തിക്കുന്ന കുഴലുകളില്‍ മാലിന്യം അടിഞ്ഞു കൂടിയതിനാലാണ് നിലവില്‍ കുടിവെള്ള ക്ഷാമം നേരിട്ടിരിക്കുന്നത്. രണ്ടു ദിവസത്തിനകം കുഴലുകള്‍ ശുചീകരിച്ച് കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ ജെറിന്‍ ജെ. പോള്‍ പറഞ്ഞു. 
എഴുമാന്തുരുത്ത് അംബേദ്കര്‍ കോളനി, നെറ്റിത്തറ പ്രദേശങ്ങളില്‍ വൈദ്യുതി ലൈനുകള്‍ താഴ്ന്ന് കിടക്കുന്നത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പൂര്‍വ്വസ്ഥിതിയിലാക്കും. പ്രളയത്തില്‍ തകര്‍ന്ന മുണ്ടാര്‍ പുറംബണ്ട് നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധര്‍മ്മന്‍ അറിയിച്ചു. കുടിവെള്ള പ്രശ്‌നം തീര്‍പ്പാക്കാന്‍ സമയക്രമം പാലിച്ച് കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജിനു പുന്നൂസ്, ഡി.ഇ.ഒ കെ.കെ ഉഷ, വില്ലേജ് ഓഫീസര്‍ എ എം ആന്റണി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ രഞ്ജിത്ത് ജേക്കബ്, ഡോ. ആദിത്യ സുബ്രഹ്മണ്യം, അഗ്രി.അസിസ്റ്റന്റ് എസ്. ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി  എല്‍ ഷീല, അസി.സെക്രട്ടറി രഞ്ജിത്ത് എം.എസ്, വി.ഇ.ഒ ഷൈലാ ഇ,  കടുത്തുരുത്തി വില്ലേജ് ഓഫീസര്‍ സെന്‍ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ രാജു, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ബാബു, പഞ്ചായത്തംഗം രമാ പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.