പാലയ്ക്കല്‍ – ഇരിഞ്ഞാലക്കുട റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദ്യഘട്ട കോണ്‍ക്രീറ്റിംഗ് 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആദ്യഘട്ട കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡിന്റെ ഇരുഭാഗങ്ങള്‍ തമ്മിലെ ഉയരം കുറയുമെന്നതിനാല്‍ കൊടുങ്ങല്ലൂരില്‍ നിന്നുള്ള വരുന്ന വാഹനങ്ങള്‍ക്ക് മെയിന്‍ റോഡ് വഴി തൃശൂരിലേക്ക് വരാനാവും. തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ സമാന്തര റോഡ് വഴി തിരിച്ചുവിടണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

തൃശ്ശൂര്‍ – കുന്ദംകുളം റൂട്ടിലെ പുഴയ്ക്കല്‍ ഭാഗത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പുഴയ്ക്കല്‍ മുതല്‍ അമല ഹോസ്പിറ്റല്‍ വരെയുള്ള ഗതാഗതകരുക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ പോലീസിനെ നിയോഗിക്കണമെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം വാഹനങ്ങള്‍ മുണ്ടൂര്‍ വഴിയും അമല വഴിയും തിരിച്ച് വിടണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ചാവക്കാട് – ചേറ്റുവ റോഡിലെ കുഴികള്‍ നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പാങ്ങ് – ചാവക്കാട് റോഡിലെ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കണം. സെപ്റ്റംബര്‍ 15 ന് ബസ്സുടമ, തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ കളക്ടറുടെ യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, എസിപി കെ കെ സജീവ്, ജോയിന്റ് ആര്‍ടിഒ കെ രാജേഷ്, ട്രാഫിക് പോലീസ് അധികൃതര്‍, പേരാമംഗലം, നെടുപുഴ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, ബസ്സുടമ സംഘടനാ നേതാക്കള്‍, ബസ്സ് തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു