വിദേശ രാജ്യങ്ങളിലെ പുതിയ തൊഴില്‍ മേഖലകളും കുടിയേറ്റ സാധ്യതകളും മനസ്സിലാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ്, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റിന്റെ (ഐ.ഐ.എം) സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. സംയുക്ത പഠന റിപ്പോര്‍ട്ട് ഐ.ഐ.എം കോഴിക്കോട് ഡീന്‍ ഫ്രൊഫ. ദീപാ സേത്തി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിക്ക് കൈമാറി.

കോഴിക്കോട് ഐ.ഐ.എം. ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. വിദേശത്തെ പുതിയ തൊഴിലവസരങ്ങള്‍, കുടിയേറ്റ സാധ്യതകള്‍, ഭാവിയിലേയ്ക്കുളള തൊഴില്‍ നൈപുണ്യ വികസനം എന്നിവ സംബന്ധിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് കൈമാറിയതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനും, വ്യവസായ വാണിജ്യ സാധ്യതകള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യം പ്രയോജനപ്പെടുത്താനുമുളള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. പ്രവാസികളുടെ നയരൂപീകരണത്തിന് ഒരു പോളിസി മാനുവലിന്റെ രൂപീകരണം എന്നിവയും 92 പേജുകളുളള റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു. യു.എസ്.എ, കാനഡ, യു.കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവ ഉൾപ്പെടുന്ന തൊഴില്‍ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനങ്ങളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ആരോഗ്യ മേഖലക്കു പുറമേ അക്കൗണ്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലവസരങ്ങള്‍ സാധ്യമാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് സഹായകരമാകുന്ന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു. ചടങ്ങില്‍ ഫ്രൊഫസര്‍മാരായ സിദ്ധാര്‍ത്ഥ പദി, പ്രണ്‍ത്ഥിക റായി എന്നിവരും പങ്കെടുത്തു.