സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 14 മുതൽ 15 വരെ നടക്കും. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. നിലവിലെ റാങ്ക് ലിസ്റ്റിൽ വേണ്ടത്ര അപേക്ഷകർ ഇല്ലാത്ത സ്ഥാപനങ്ങളിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാൻ അവസരം ഉണ്ടായിരിക്കും. പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഹാജരാകാൻ പാടുള്ളൂ.
ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്കിൽ ലഭിക്കും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ അസ്സൽ രേഖകളും സമർപ്പിച്ച് മുഴുവൻ ഫീസടച്ച് അഡ്മിഷൻ നേടാം. പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ സർട്ടിഫിക്കറ്റിന്റെ പകർപ്പുകളോടൊപ്പം അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും.