കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ ഗ്രാമപഞ്ചായത്തിൽ കിടായിച്ചിറ ജലസംഭരണിയാകുന്നു. മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കിടായിച്ചിറയിലെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനായി നടത്തുക. എ സി മൊയ്തീന്‍ എം എൽ എ മന്ത്രിയായിരിക്കെ നടത്തിയ ശ്രമഫലമായാണ് ചിറ നവീകരണ പ്രവര്‍ത്തനത്തിന് ഫണ്ട് ലഭ്യമായത്. വേലൂരിലെ സമീപ പാടശേഖരങ്ങളിലെ ജലസേചനത്തിനും പ്രദേശത്തെ കുടിവെള്ളപദ്ധതികള്‍ക്കും ഭൂഗര്‍ഭജലസംരക്ഷണത്തിനും വിനോദസഞ്ചാരത്തിനും ശാസ്ത്രീയമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് നവീകരണം.
പദ്ധതിയുടെ ഭാഗമായി ചിറയിലെ മണ്ണ് നീക്കി ആഴം കൂട്ടി ജലസംഭരണ ശേഷി വർധിപ്പിക്കും. ചിറയുടെ മനോഹാരിത ആസ്വദിക്കാൻ പ്രദേശത്തെ ചുറ്റുമുള്ള സ്ഥലങ്ങൾ ഇന്റര്‍ലോക്ക് ചെയ്ത് അതിർത്തി കെട്ടി സംരക്ഷണം ഏർപ്പെടുത്തും. പാടശേഖരങ്ങളിലേക്ക് ജലസേചനത്തിനായുള്ള കനാലുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കും.
വേലൂർ ഗ്രാമപഞ്ചായത്തിലെ കോടശ്ശേരിയിൽ നാല് ഏക്കറോളം സ്ഥലത്താണ് കിടായിച്ചിറ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന പ്രധാന ജലസ്രോതസ്സാണിത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിലെ വേലൂര്‍, വെങ്ങിലിശ്ശേരി, വെള്ളാറ്റഞ്ഞൂര്‍, പുലിയന്നൂര്‍, തണ്ടിലം ഭാഗങ്ങളിലെ നെല്‍കൃഷിക്ക് വലിയൊരു മുതൽ കൂട്ടാകാൻ കഴിയും. മൺസൂണിൽ നിറഞ്ഞൊഴുന്ന ജലം ശേഖരിച്ച് വേനൽക്കാലത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന പ്രദേശത്തെ ജലക്ഷാമത്തിനും ഇതോടെ പരിഹാരമാകും.