മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ സംശയിക്കുന്ന വ്യക്തി  ചികിത്സയിലിരിക്കുന്ന  സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.  രേണുക അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയിൽ തയ്യാറായതായും  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

മഞ്ചേരിയിൽ  നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ സ്രവസാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്.  കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്ന് ആരും ഉൾപ്പെട്ടിട്ടില്ല.

രോഗം സംശയിക്കുന്നവരെ ഐസൊലേഷൻ ചെയ്യുന്നതിനും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ, ഐസൊലേഷൻ മുറികൾ എന്നിവ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. സ്വാകാര്യ ആശുപത്രികളിൽ നിപ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ അവിടെ തന്നെ ഐസൊലേഷൻ ഇരിക്കുന്നതിനും സ്രവസാമ്പിൾ അവിടെ നിന്ന് തന്നെ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയക്കുന്നതിനും നിർദ്ദേശം നൽകി. 

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ  സഹകരണത്തോടെ പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കുകയും  പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. നിപ നിരീക്ഷണം ശക്തമാകുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കുകയും നിപ നിയന്ത്രിക്കുന്നതിനായി പരിശീലനം നൽകുകയും ചെയ്തു.