ചേലക്കര നിയോജക മണ്ഡലത്തിലെ രണ്ട് തീരദേശ റോഡുകളുടെ പുനർ നിർമ്മാണത്തിനായി 106.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിലെ നെടുമ്പുര കനാൽ റോഡ് – 56.50 ലക്ഷം, പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ കല്ലേപ്പാടം – കുന്നമ്പുള്ളി റോഡ് – 50 ലക്ഷം രൂപയും അടക്കം ഒരു കോടി ആറ് ലക്ഷത്തി അൻപതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും വേഗത്തിലാക്കി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.