ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീമിഷൻ മുഖേന നടപ്പിലാക്കുന്ന കഫേ അറ്റ് സ്‌കൂൾ സ്‌കൂഫേ പദ്ധതി 17 സ്‌കൂളുകളിൽ കൂടി നടപ്പിലാക്കും. ഇതിനായി 36.50 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നൽകി.
പദ്ധതിക്കായി മുറി സൗകര്യമില്ലാത്ത ജിഎച്ച്എസ്എസ് ശ്രീപുരം, ഉദയഗിരി, ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ, എംഎഎസ്എസ് ജിഎച്ച്എസ്എസ് എട്ടിക്കുളം, ജിഎച്ച്എസ് രയരോം, സിഎച്ച്എംകെഎസ് ജിഎച്ച്എസ്എസ് മാട്ടൂൽ, സിഎച്ച്എംഎം എച്ച്എസ്എസ് തില്ലങ്കേരി, എകെജിഎം ജിഎച്ച്എസ്എസ് പെരളശ്ശേരി, എടയന്നൂർ എച്ച്എസ് ആൻഡ് വിഎച്ച്എസ്ഇ ബ്ലോക്ക്, ജിഎച്ച്എസ്എസ് ഫോർ ബോയ്‌സ് ചെറുകുന്ന്, ജിഎച്ച്എസ്എസ് ഫോർ ഗേൾസ് ചെറുകുന്ന്, ജിഎച്ച്എസ്എസ് കൊയ്യം, ജിഎച്ച്എസ്എസ് ചുഴലി, സിഎച്ച്എംഎസ് ജിഎച്ച്എസ്എസ് വളപട്ടണം, ജിഎച്ച്എസ്എസ് പാല എന്നീ 14 സ്‌കൂളുകൾക്ക് രണ്ടര ലക്ഷം രൂപ വീതവും മുറി സൗകര്യമുള്ള ജിഎച്ച്എസ്എസ് ചെറുതാഴം, നിർമ്മല എച്ച്എസ്എസ് ചെമ്പേരി, ഇഎംഎസ്എസ് ജിഎച്ച്എസ്എസ് പാപ്പിനിശ്ശേരി എന്നിവയ്ക്ക് 50,000 രൂപ വീതവുമാണ് അനുവദിച്ചത്.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന, പട്ടികജാതിയിൽപ്പെട്ടവർക്ക് സൈന്യത്തിൽ ചേരുന്നതിന് പ്രീറിക്രൂട്ട്‌മെൻറ് പദ്ധതിക്കായി പരിശീലന ഏജൻസിയെ തെരഞ്ഞെടുക്കാൻ ടെണ്ടർ ക്ഷണിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസറാണ് പദ്ധതി നിർവഹണ ഓഫീസർ. ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് 9.90 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് പ്രീവൊക്കേഷനൽ ട്രെയ്‌നിംഗ് പദ്ധതിയുടെ പരിശീലന സ്ഥാപനമായി കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം എന്ന സ്ഥാപനത്തെ തീരുമാനിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസറാണ് പദ്ധതി നിർവഹണ ഓഫീസർ.

ജില്ലാ പഞ്ചായത്തിന്റെ 24 ഡിവിഷനുകളിലും മെംബർമാരുടെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ യോഗം വിളിച്ചുചേർക്കാൻ പ്രസിഡൻറ് നിർദേശിച്ചു. യോഗത്തിൽ പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, സെക്രട്ടറി എ വി അബ്ദുലത്തീഫ്, മെംബർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, നിർവഹണ ഓഫീസർമാർ എന്നിവർ സംബന്ധിച്ചു.