ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പള്ളിക്കുന്ന് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റിസർവോയറും ഓവർ ഹൈഡ് ടാങ്കും പൈപ്പ് കണക്ഷനും ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ. നിർവഹിച്ചു.

പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകൾ ഉൾപ്പെടുന്ന പള്ളിക്കുന്ന് പ്രദേശത്തെ ഉയർന്ന ഭാഗങ്ങളിൽ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. 200 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ താൽക്കാലികമായി കുടിവെള്ളമെത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയെങ്കിലും എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് പള്ളിക്കുന്ന് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ഷീല ജോസ്, മുഹമ്മദ് ഷഫീഖ്, റൂബി ജിജി, ബ്ലോക്ക് പഞ്ചായത്തംഗം സതീ ഗോപി, വാർഡ് അംഗങ്ങളായ ഷീല ജോസ്, രമണൻ ചേലാക്കുന്ന്, തായ്ക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാൽ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.