ജില്ലയിലെ ആധാർ അപ്ഡേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ആധാർ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി അധ്യക്ഷത വഹിച്ചു. നിലവിൽ ജില്ലയിലെ ആധാർ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ആധാർ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും വിലയിരുത്തി. ആധാര്‍ പുതുക്കുന്നതില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍.
കുട്ടികളുടെ അഞ്ചു വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷനും ആധാർ – മൊബൈൽ നമ്പർ ലിങ്കിങ്ങും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗത്തിൽ  തീരുമാനമായി. നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ ചെയ്യുന്നതിനായി സ്കൂളുകളില്‍ പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കും.
നിർബന്ധിത ആധാർ അപ്ഡേഷൻ 2023 ഡിസംബർ 14 വരെ അക്ഷയ ഉൾപ്പെടെയുള്ള എൻറോൾമെന്റ് ഏജൻസികൾ വഴി സൗജന്യമായിരിക്കുമെന്നും  അധികൃതര്‍ അറിയിച്ചു.
യു.ഐ.ഡി.എ.ഐ പ്രൊജക്ട് മാനേജർ ശിവൻ ആധാർ അപ്ഡേഷൻ സംബന്ധിച്ച് വിഷയാവതരണം നടത്തി. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ.ജി ഗോകുല്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍  യോഗത്തില്‍ സംബന്ധിച്ചു.