മാപ്പത്തോണ്‍ കേരളയുടെ ഭാഗമായി കട്ടപ്പന ബ്ലോക്കിലെ കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ ഗ്രാമപഞ്ചായത്തുകളില്‍ പുഴകളുടെയും നീര്‍ച്ചാലുകളുടെയും മാപ്പിങ് ജോലികള്‍ക്ക് തുടക്കമായി. കാഞ്ചിയാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിര്‍വഹിച്ചു.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ ശൃഖലകള്‍ വീണ്ടെടുക്കുന്നതിന് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ റീ ബില്‍ഡ് കേരളയുടെ സഹായത്തോടെ നവകേരളം കര്‍മ്മപദ്ധതി ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ എം.എസ്.ഡബ്ലു വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.
തദ്ദേശസ്ഥാപനങ്ങളിലെ ഒന്നാം നിര മുതല്‍ മൂന്നാം നിര നീര്‍ച്ചാലുകള്‍ വരെ അവസ്ഥാപഠനം നടത്തി പ്രളയസാധ്യത മേഖലകള്‍ തിരിച്ചറിഞ്ഞാണ് മാപ്പിങ് ജോലികള്‍ പൂര്‍ത്തീയാക്കുന്നത്. മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തയ്യാറാക്കിയ മാപ്പ് ലഭ്യമാക്കി പ്രകാശനം നടത്തുകയും, തുടര്‍ പ്രവര്‍ത്തനമായി ബഹുജന പങ്കാളിത്തോടെ, ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളായ – ഇനി ഞാന്‍ ഒഴുകട്ടെ, നീരുറവ്, ജലബജറ്റ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുകയും ചെയ്യും.