അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് നടന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 വളര്‍ത്തുനായകള്‍ക്കും നാല് പൂച്ചകള്‍ക്കുമാണ് പ്രതിരോധ കുത്തിവെയ്പ് എടുത്തത്. വാക്സിനേഷന്‍ എടുത്ത മൃഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. സര്‍ട്ടിഫിക്കറ്റുമായി പഞ്ചായത്തില്‍ ചെന്നാലേ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് ലഭിക്കൂ. ക്യാമ്പിന് പുറമെ എല്ലാ ദിവസവും അലനല്ലൂര്‍ മൃഗാശുപത്രിയില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ സൗകര്യം ഉണ്ട്.

മൃഗാശുപത്രിയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അറിയിച്ചാല്‍ വീട്ടിലെത്തി കുത്തിവെയ്പ്പ് എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് അലനല്ലൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ രശ്മി അറിയിച്ചു.

പ്രതിരോധ കുത്തിവെയ്പ് എടുത്ത വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്‌ന സത്താര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ട്‌തൊടി അധ്യക്ഷയായ പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. ബക്കര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ജീഷ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ഹംസ, അജിത, എം. അബ്ദുല്‍ അലി, ഡോ: രശ്മി, ബാലന്‍ എന്നിവര്‍ പങ്കെടുത്തു.