സംസ്ഥാനതല ഉദ്ഘാടനം തൃത്താലയിൽ

ജില്ലയിൽ നാല് ലക്ഷം കുടുംബശ്രീ അംഗങ്ങൾ ‘തിരികെ സ്കൂളിലേക്ക്’. സംസ്ഥാന കുടുംബശ്രീ മിഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളില്‍’ (ബാക്ക് ടു സ്കൂൾ) ക്യാമ്പെയ്ന്‍റെ ഭാഗമായാണ് അയൽക്കൂട്ടം പ്രവർത്തകർ വീണ്ടും സ്കൂൾ വിദ്യാർഥികളാകുന്നത്. ക്യാമ്പെയ്നിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് തൃത്താല കെ.ബി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. സംഘാടക സമിതി യോഗം 19ന് കൂറ്റനാടുള്ള തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

ജില്ലയിലെ 4,00,624 അയൽക്കൂട്ടം അംഗങ്ങളാണ് സ്കൂൾ വിദ്യാർഥികളാകുന്നത്. സംസ്ഥാനത്താകെ 46 ലക്ഷം പേരും. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെയുള്ള അവധി ദിവസങ്ങളിൽ അതത് പ്രദേശത്തെ സ്കൂളുകളിലാണ് അധ്യയനം. ഓരോ സി.ഡി.എസിനു കീഴിലും ഒന്നോ രണ്ടോ സ്കൂളുകൾ ഇതിനായി തെരഞ്ഞെടുക്കും.

സ്കൂള്‍ വിദ്യാഭ്യാസകാലം അനുസ്മരിപ്പിക്കുംവിധമാണ് ക്യാമ്പെയ്ന്‍. രാവിലെ 9.30 മുതല്‍ 4.30 വരെ ക്ളാസ്. 9.30 മുതല്‍ 9.45 വരെ അസംബ്ലിയുണ്ടാകും. ഇതില്‍ കുടുംബശ്രീയുടെ മുദ്രാഗീതം ആലപിക്കും. തുടർന്ന് ക്ളാസുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പ് 15 മിനിറ്റ് ഇടവേള. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെ ഉച്ചഭക്ഷണ സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. ഈ സമയത്ത് കലാപരിപാടികൾ അവതരിപ്പിക്കും. ഓരോ പിരിയഡിന് ശേഷവും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെയാകും കൊണ്ടുവരിക. താല്‍പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം.

സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു ക്ലാസുകളായി തിരിച്ചാണ് പരിശീലനം. പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാർ അധ്യാപകരാകും. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതുവരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പെയ്നാകും ‘തിരികെ സ്കൂളില്‍’. കുടുംബശ്രീ ത്രിതലസംഘടനാ സംവിധാനം ശക്തിപ്പെടുത്തുക, പുതിയകാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക എന്നിവയാണ് ലക്ഷ്യം.

സംസ്ഥാന ജില്ലാമിഷന്‍ ജീവനക്കാര്‍, ജില്ലാ ബ്ളോക്ക് സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നടന്നുവരികയാണ്.