ഇടുക്കി അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിളിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ ഓടി എത്താന്‍ പുതിയ വാഹനത്തിന് കഴിയുമെന്നും അത് അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഫയര്‍ സ്റ്റേഷനുകളും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തിനനുവദിച്ച 35 വാഹനങ്ങളിലൊന്നാണ് ഇടുക്കിക്കും ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളുള്ള 45 ലക്ഷം രൂപയുടെ വാഹനമാണ് ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് പ്രാരംഭഘട്ടത്തില്‍ തന്നെ ദര്‍ഘട പാതകളിലൂടെ അതിവേഗം എത്തിച്ചേരാന്‍ പുതിയ വാഹനത്തിന് സാധിക്കും.

1500 ലിറ്റര്‍ വെള്ളം, 300 ലിറ്റര്‍ ഫോം എന്നിവ വഹിക്കാനുള്ള ശേഷി, 100 മീറ്റര്‍ ജലം എത്തിക്കാനുള്ള ഹോസ്, ഹൈഡ്രോളിക് കട്ടര്‍, ഹൈഡ്രോളിക് റാം, മൗണ്ടന്‍ റസ്‌ക്യൂ കിറ്റ്, നൂറു മീറ്റര്‍ റോപ്പ്, ലാഡര്‍, ചെയിന്‍സോ തുടങ്ങി അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള വിവിധ സംവിധാനങ്ങളും ഉപകരണങ്ങളും വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍ ഷിനോയ്, സ്റ്റേഷന്‍ ഓഫിസര്‍ സി. അഖില്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.