ഭൂമിയുടെ അവകാശം ചില വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നത് കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് എം.എം മണി എം.എല്‍.എ. നെടുങ്കണ്ടം ബ്ലോക്ക് തല കിസാന്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരിലേക്ക് ഭൂമിയുടെ വികേന്ദ്രീകരണം ഉണ്ടാക്കാന്‍ കേരളത്തിലെ ഭൂപരിഷ്‌കരണ നിയമത്തിലൂടെ ഒരുപരിധി വരെ സാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ നടപ്പാക്കുന്ന ആധുനിക കൃഷി രീതിയിലൂന്നിയുള്ള പദ്ധതികള്‍ രാജ്യത്തെ കാര്‍ഷിക മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

രാജാക്കാട് ക്രിസ്തുജ്യോതി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ഏലം കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച കൃഷി ശാസ്ത്രജ്ഞന്‍ ഡോ. സുധാകറിനെ മൊമെന്റോ നല്‍കി ആദരിച്ചു. രാജാക്കാട് കൃഷി ഓഫീസര്‍ റജബ് ജെ കലാം പദ്ധതി വിശദീകരിച്ചു.

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം 2022-23 ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായാണ് നെടുങ്കണ്ടം ബ്ലോക്ക്തല കിസാന്‍ മേള സംഘടിപ്പിച്ചത്. കാലാനുസൃതമായി കൂടുതല്‍ വിളവ് ലഭിക്കുന്നതിന് കര്‍ഷകര്‍ രാസവളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിന്റെ ഫലമായി മണ്ണും ജലവും നശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതീയ പ്രകൃതികൃഷി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നെടുങ്കണ്ടം ബ്ലോക്കില്‍ 500 ഹെക്ടര്‍ പ്രദേശത്ത് പച്ചക്കറി, പഴവര്‍ഗങ്ങള്‍, ഏലം തുടങ്ങിയവ സമ്പൂര്‍ണ ജൈവരീതിയില്‍ കൃഷി ചെയ്യും. ബ്ലോക്കിന് കീഴിലെ ഓരോ പഞ്ചായത്തിലെയും 50 ഹെക്ടര്‍ പ്രദേശത്തായിരിക്കും പദ്ധതി നടപ്പിലാക്കുക.
മേളയില്‍ കാര്‍ഷിക ഉല്‍പന്ന പ്രദര്‍ശന വിപണന മേള, സൗജന്യ മണ്ണ് പരിശോധന, വിളകള്‍ ഇന്‍ഷുറന്‍സ് ചെയുന്നതിനുള്ള സൗകര്യം, പി എം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഏലം കൃഷിയിലെ വെല്ലുവിളി, കീടരോഗങ്ങള്‍ എന്ന വിഷയത്തില്‍ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. സുധാകര്‍, കൃഷിക്ക് ഫലഭൂയിഷ്ടമായ മണ്ണ് എന്ന വിഷയത്തില്‍ കൃഷി ശാസ്ത്രജ്ഞന്‍ പാമ്പാടുംപാറ സിആര്‍എസ് ഡോ. മുരുകന്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.
പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സരിത രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഉഷകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രന്‍, രാജാക്കാട് വൈസ് പ്രസിഡന്റ് വീണ അനൂപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്നി പാലക്കാട്ട്, നിഷ രതീഷ്, രാജാക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എ കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.

ചിത്രം :
നെടുങ്കണ്ടം ബ്ലോക്ക്തല കിസാന്‍ മേള എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു